ടെനറിഫെ താരം ജീസസ് ഡി മിഗ്വൽ  (Alamy)
World

മത്സരത്തിനിടെ കൂട്ടിയിടി; സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വൽ അന്തരിച്ചു

അവസാന മത്സരം കാണാൻ പങ്കാളിയും ഒരു വയസ്സുള്ള മകളും സ്റ്റേഡിയത്തിലുണ്ടായിരുന്നു; താരത്തിന്റെ മരണത്തിൽ ഫുട്ബോൾ ലോകം അനുശോചിച്ചു

Safvana Jouhar

സ്പാനിഷ് രണ്ടാം ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ എതിരാളിയുടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ടെനറിഫെ താരം ജീസസ് ഡി മിഗ്വൽ അന്തരിച്ചു. തിങ്കളാഴ്ച ആൻഡോറ എഫ്‌സിക്കെതിരായ മത്സരത്തിനിടെയായിരുന്നു അപകടം. താരത്തിന്റെ അവസാന മത്സരം കാണാൻ പങ്കാളി മരിയയും ഒരു വയസ്സുള്ള മകൾ കാർലയും സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ടെനറിഫെ മുന്നോട്ടേക്ക് നീട്ടിയ ലോങ് ബോൾ ക്ലിയർ ചെയ്യാൻ ഓടിയെത്തിയ ആൻഡോറ ഗോൾകീപ്പർ ജീസസ് ഒവോനോ, ഡി മിഗ്വലുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് മത്സരം നിർത്തിവെച്ചു. അപകടകരമായ ഇടപെടലിന് ഒവോനോയ്ക്ക് റഫറി ചുവപ്പുകാർഡ് നൽകി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഡി മിഗ്വലിന്റെ നില ആദ്യം ഗുരുതരമാണെങ്കിലും സ്ഥിരതയുള്ളതാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ ആരോഗ്യനില വഷളായി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ വെച്ച് ഹൃദയാഘാതമുണ്ടായ താരത്തെ ആരോഗ്യപ്രവർത്തകർ പുനരുജ്ജീവിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു മരണം. സംഭവത്തിൽ സ്പാനിഷ് പൊലീസ് നരഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജുഡീഷ്യൽ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. അപകടത്തെത്തുടർന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോൾ ഒവോനോ ഡ്രസിങ് റൂമിൽ കരയുകയും പ്രാർഥിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗോൾകീപ്പർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

മിഗ്വലും മകളും

അപകടത്തിന് തൊട്ടുമുമ്പ് ഡി മിഗ്വലും ഒവോനോയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മത്സരത്തിനിടെ ടെനറിഫെ താരങ്ങളുമായി ഒവോനോ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ ടെനറിഫെ ഗോൾകീപ്പർ ഡാനി മാർട്ടിനോട് ഒവോനോ ആംഗ്യം കാണിക്കുന്നതും കാണാം. തുടർന്ന് റഫറി ഡാനി മാർട്ടിനെ പുറത്താക്കി. ഈ സമയത്ത് ഡി മിഗ്വൽ ഒവോനോയോട് എന്തോ പറയുന്നതും ഗോൾകീപ്പർ അകന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ആൻഡോറ സമനില ഗോൾ നേടിയതിനു പിന്നാലെയാണ് നിർണായക കൂട്ടിയിടി സംഭവിച്ചത്.

ഫുട്ബോൾ ലോകത്തിന്റെ ആദരാഞ്ജലികൾ

ഡി മിഗ്വലിനോടുള്ള ആദരസൂചകമായി ടെനറിഫെയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഹെലിയോഡോറോ റോഡ്രിഗസ് ലോപ്പസിന് പുറത്ത് ആരാധകർ പൂക്കളും ടീം സ്കാർഫുകളും സമർപ്പിച്ചു. ചൊവ്വാഴ്ച ബാഴ്‌സലോണയും ആസ്റ്റൺ വില്ലയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് പതിവ് ഗാനം ഒഴിവാക്കി. ചാമ്പ്യൻസ് ലീഗിലെ എല്ലാ മത്സരങ്ങൾക്കും മുമ്പും താരത്തിന്റെ ഓർമയ്ക്കായി മൗനാചരണം നടത്തി. സ്പെയിനിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ച 69 പേരെയും ഈ മൗനാചരണത്തിൽ അനുസ്മരിച്ചു. ബാഴ്‌സലോണയുടെ 3-0 വിജയത്തിനുശേഷം താരം റാഫീഞ്ഞ, ഡി മിഗ്വലിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചു. ഫുട്ബോൾ കളിക്കുമ്പോൾ ആർക്കും സംഭവിക്കാവുന്ന ദുരന്തമാണിതെന്നും കുടുംബത്തിന് ശക്തി ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഡി മിഗ്വലിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി ടെനറിഫെ ക്ലബ് പ്രസ്താവന പുറത്തിറക്കി. താരത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഈ ദുഃഖം താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ക്ലബ് അഭ്യർഥിച്ചു. ആൻഡോറ എഫ്‌സിയും അനുശോചനം അറിയിച്ചു. റയൽ മാഡ്രിഡിന്റെയും ഫ്രാൻസിന്റെയും താരം കിലിയൻ എംബാപ്പെ സമൂഹമാധ്യമത്തിൽ ദുഃഖം രേഖപ്പെടുത്തി. “വളരെയധികം സങ്കടം, വാക്കുകളില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

SCROLL FOR NEXT