നാസയുടെ പതിനഞ്ചാമത് മേധാവിയാണ് ജാരെഡ് ഐസക്മാൻ.  (Newsbytes)
World

ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്മാൻ നാസ മേധാവി

നാസയുടെ പതിനഞ്ചാമത് മേധാവിയായ ജാരെഡ് ഐസക്മാൻ ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളിയും കൂടിയാണ്.

Safvana Jouhar

വാഷിംഗ്ടണ്‍ ഡി സി: ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാസ മേധാവിയായി നിയമിച്ചു. ജാരെഡ് ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളിയും കൂടിയാണ്. നാസയുടെ പതിനഞ്ചാമത് മേധാവിയാണ് ജാരെഡ് ഐസക്മാൻ. ജാരെഡിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. ബഹിരാകാശ മേഖലയിലെ ആഗോള മത്സരം, ആഭ്യന്തര ബജറ്റ് അനിശ്ചിതത്വം, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കെയാണ് ജാരെഡ് നാസയുടെ ചുമതല ഏറ്റെടുക്കുന്നത്.

2024 ഡിസംബറിലാണ് ഡോണള്‍ഡ് ട്രംപ് ആദ്യമായി ജാരെഡ് ഐസക്മാനെ നാസ മേധാവി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ട്രംപും സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിന് പിന്നാലെ നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു. പിന്നീട് 2025 നവംബറില്‍ ട്രംപ് വീണ്ടും ജാരെഡ് ഐസക്മാനെ നാസ മേധാവിയായി നോമിനേറ്റ് ചെയ്യുകയായിരുന്നു. സ്‌പേസ് എക്‌സ് ദൗത്യങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുളള ജാരെഡ് ഐസക്മാൻ രണ്ടുതവണ ബഹിരാകാശസഞ്ചാരം നടത്തിയിട്ടുണ്ട്. ചൈനയ്ക്ക് മുന്‍പ് നാസയ്ക്ക് മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനാകുമോ എന്നാണ് ബഹിരാകാശ നയ വിദഗ്ദരും നിയമനിര്‍മാതാക്കളും ഉറ്റുനോക്കുന്നത്. ഫെഡറല്‍ സര്‍ക്കാരില്‍ മുന്‍കൂര്‍ പരിചയമില്ലാത്തയാളാണ് ജാരെഡ് ഐസക്മാൻ. പേയ്‌മെന്റ് പ്രൊസസിംഗ് കമ്പനിയായ ഷിഫ്റ്റ് 4 ന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമാണ് അദ്ദേഹം. ഐസക്മാന് 1.2 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട്.

SCROLL FOR NEXT