പെറുവിൽ ദുഷ്കരമായ ട്രെക്കിങ്ങിന് പോയ മെൽബൺ സ്വദേശി ജോർഡൻ യാപിനെ കാണാതായി. സംഭവത്തിൽ ഓസ്‌ട്രേലിയൻ വിദേശകാര്യ, വ്യാപാര വകുപ്പ് (DFAT) യുവാവിന്റെ കുടുംബത്തിന് കോൺസുലർ സഹായം നൽകിവരികയാണ്. 30 വയസ്സുകാരനായ ജോർഡൻ 10 ദിവസത്തെ ട്രെക്കിങ്ങിനായി പോയതായിരുന്നു. സെപ്റ്റംബർ 23ന് യാത്ര പൂർത്തിയാക്കി ലിമയിലെ ഹോസ്റ്റലിലേക്ക് മടങ്ങേണ്ടിയിരുന്നെങ്കിലും തിരിച്ചെത്തിയില്ലെന്ന് കുടുംബവും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച GoFundMe പേജിൽ പറയുന്നു.
സെപ്റ്റംബർ 14നാണ് ജോർഡൻ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അവസാനമായി ബന്ധപ്പെട്ടത്. തുടർന്ന് ലിമയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കുകിഴക്കുള്ള പെറുവിലെ ഹുവായ്ഹുവാഷ് മലനിരകളിൽ 10 ദിവസത്തെ ഒറ്റയ്ക്കുള്ള ട്രെക്കിങ്ങിന് പുറപ്പെട്ടു. ദുഷ്കരവും ഉയർന്ന പ്രദേശങ്ങളിലൂടെയുമുള്ള ട്രെക്കിങ് പാതയാണ് കോർഡില്ലെറ ഹുവായ്ഹുവാഷ് സർക്യൂട്ട്. ട്രെക്കിങ്ങിൽ ഏറെ പരിചയസമ്പത്തുള്ളയാളാണ് ജോർഡനെന്ന് സുഹൃത്തുക്കൾ പറയുന്നു. യാത്രയ്ക്കിടെ ഉപയോഗിച്ചിരുന്ന സാറ്റലൈറ്റ് ബീക്കൺ ട്രെക്കിങ്ങിന് ഏതാനും ദിവസം മുമ്പ് നഷ്ടപ്പെട്ടതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം ജോർഡനെ കണ്ടെത്തുന്നതിനായി കുടുംബം സ്വകാര്യ രക്ഷാപ്രവർത്തക സംഘങ്ങളുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. കൂടുതൽ പ്രദേശങ്ങൾ പരിശോധിക്കുന്നതിനായി അധിക രക്ഷാസംഘങ്ങളെ പ്രദേശത്തേക്ക് അയയ്ക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സംഘങ്ങൾ സജീവമായി തിരച്ചിൽ ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചു. ഇതിനിടെ ജോർഡന്റെ കുടുംബം പ്രാദേശിക മൗണ്ടൻ റെസ്ക്യൂ സംഘടനയായ സൊകോറോ ആൻഡിനോ പെറുവാനോയുടെ സഹായം തേടിയിട്ടുണ്ട്. ഇതേ ട്രെക്കിങ് പാതയിൽ അടുത്തിടെ കാണാതായ കാനഡക്കാരനായ ഒരു ട്രെക്കറെ ഈ സംഘം രക്ഷപ്പെടുത്തിയിരുന്നു. അതേസമൺ സ്വകാര്യതാ ബാധ്യതകൾ ചൂണ്ടിക്കാട്ടി സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്ന് DFAT അറിയിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടക്കുന്ന തിരച്ചിൽ തുടരുകയാണ്.