മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ സർവീസുകളിലൊന്നാണ് എറണാകുളം- ബെംഗളൂരു വന്ദേ ഭാരത്. ബെംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 8 ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.
06652 എന്ന നമ്പറിലുള്ള ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും. എട്ട് കോച്ചുകൾ ഉണ്ടായിരിക്കും. ട്രെയിൻ സ്ഥിരം സർവീസ് (26651/26652) നവംബർ 11 ന് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) റെഗുലർ സർവീസിന്റെ താൽക്കാലിക ടൈംടേബിൾ പുറത്തിറക്കി, ഇത് രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് ജംഗ്ഷനിൽ എത്തും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെടുന്ന മടക്ക സർവീസ് ബെംഗളൂരിൽ എത്തിച്ചേരും.
കെആർ പുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് സ്റ്റോപ്പുകൾ. റെയിൽവേ ബോർഡ് അന്തിമ ഷെഡ്യൂൾ പിന്നീട് പുറത്തിറക്കും. കർണാടകയ്ക്കുള്ള 12-ാമത്തെ വന്ദേ ഭാരതും ബെംഗളൂരുവിനുള്ള എട്ടാമത്തെ വന്ദേ ഭാരതവുമാണിത്
ബെംഗളൂരുവിനും തെക്കൻ കേരളത്തിനും ഇടയിലുള്ള ട്രെയിൻ യാത്ര കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കുവാൻ സഹായിക്കുന്ന സർവീസ് പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലുള്ളവർക്ക് ഏറെ പ്രയോജനപ്രദമാണ്.