ഓണക്കാലത്തെ വില്പനയിൽ റെക്കോര്‍ഡിട്ട് മിൽമയും ബവറിജസ് കോർപ്പറേഷനും. പാൽ, തൈര്, മറ്റ് പാൽ ഉത്പന്നങ്ങൾ എന്നിവയുടെ വില്പനയിലാണ് മിൽമ വൻ വർധനവ് കൈവരിച്ചത്. ഇത് മിൽമയുടെ സർവ്വകാല റെക്കോർഡ് കൂടിയാണ്.
ഉത്രാട ദിനത്തിൽ 38.03 ലിറ്റർ പാലും 3.97 ലക്ഷം കിലോ തൈരും മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഉത്രാടത്തിന് ഇത് യഥാക്രമം 37 ലക്ഷം ലിറ്ററും 3.91 ലക്ഷം കിലോയും ആയിരുന്നു. അതേസമയം, തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി - ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ- 1.19 കോടി ലിറ്റർ പാലും 14.58 ലക്ഷം കിലോ തൈരും വില്‍ക്കുവാൻ മിൽമയ്ക്ക് സാധിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 1.16 കോടി ലിറ്റർ പാലും 13.76 ലക്ഷം കിലോ തൈരും ആണ് മിൽമ വിറ്റത്.
മദ്യവില്പനയിലും റെക്കോർഡ്
മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും ഓണക്കാലത്ത് കേരളത്തിൽ മദ്യ വില്പന റെക്കോർഡുകൾ തകർത്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനവാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഓണക്കാലത്തെ പത്ത് ദിവസങ്ങളിൽ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് വിറ്റുപോയത്.
ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം 126 കോടി രൂപയുടെ മദ്യമാണ് ഉത്രാടത്തിൽ വിറ്റത്. ഈ ഒറ്റദിവസത്തെ വില്പനയിൽ മാത്രം കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 9.21% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത് . ഇവിടെ മാത്രം ഒരു കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.
കൊല്ലം വെയർഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഒരു കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിനത്തിൽ ആറ് ഔട്ട്ലെറ്റുകൾ ഒരു കോടിയിലധികം വരുമാനം നേടി.