തിരുവനന്തപുരം: വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയുവാൻ നായകളെ വളർത്തുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. നിലവിൽ വീടുകളില്‍ നായകളെ വളർത്തുന്നതിനുള്ള പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശചെയ്യാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചു. നിലവിലെ നിയമത്തിലും നായകളെ വളർത്തുവാൻ ലൈസൻസ് വേണമെന്നാണ്. മാത്രമല്ല, വാക്സിനേഷൻ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് വേണം ലൈസൻസ് വാങ്ങാനെന്നാണ് നിയമം. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല,
നിയമത്തിൽ ഭേദഗതി വരുത്തുന്നതോടെ നായകൾക്ക് കൃത്യമായ വാക്‌സിനേഷൻ, വന്ധ്യംകരണം തുടങ്ങിയവ നിയമത്തിൽ പരാമർശിക്കുന്ന പോലെ നിർബന്ധമാക്കും. ലൈസന്‍സോടെ നായകളെ വളർത്തണമെങ്കിൽ കുത്തിവെയ്പ്പും നിർബന്ധമാക്കും. മാത്രമല്ല, രണ്ടിൽ കൂടുതൽ നായകളെ വളർത്തുന്നവർക്ക് ബ്രീഡേഴ്സ് ലൈസന്സ് എടുക്കേണ്ടി വരും.
കുത്തിവെപ്പെടുത്ത നായകളിൽ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതോടെ തെരുവിൽ ഉപേക്ഷിക്കപ്പെടാലും ഉടമസ്ഥനെ കണ്ടെത്താം. നായകളുടെ തോൾഭാഗത്ത് പ്രത്യേക ഉപകരണം വഴിയാണ് ചിപ്പ് ഘടിപ്പിക്കുക.