നോർക്ക-ഡെന്മാർക്ക് റിക്രൂട്ട്‌മെന്റ് കരാർ കൈമാറി PRD
Kerala

ആരോഗ്യപ്രവർത്തകർക്ക് ഇനി ഡെന്മാർക്ക് പോകാം, നോർക്ക-ഡെന്മാർക്ക് റിക്രൂട്ട്‌മെന്റ് കരാർ കൈമാറി

നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.

Elizabath Joseph

തിരുവനന്തപുരം: കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും തമ്മിലാണ് കരാർ കൈമാറിയത്. ചടങ്ങിൽ ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ എന്നിവർ സംബന്ധിച്ചു. ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്‌സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രൊഫെഷനുകളിലേയ്ക്കാണ് റിക്രൂട്‌മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവൽ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.

കരാർ നടപടികൾക്കായി ഡെൻമാർക്കിൽ നിന്നുളള എട്ടംഗ മന്ത്രിതല പ്രതിനിധി സംഘമാണ് തിരുവനന്തപുരത്തെത്തിയത്. മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, ഇന്ത്യയിലെ ഡെൻമാർക്ക് എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്‌സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്‌സ്‌ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത് എന്നിവരാണ് പ്രതിനിധിസംഘത്തിലുളളത്. കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കരാർ നടപടികൾക്കു ശേഷം ഉച്ചകഴിഞ്ഞ് തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ (ടാൻജറിൻ 3 ആർ ഫ്‌ലോർ) കേരള-ഡെൻമാർക്ക് ഹെൽത്ത്കെയർ റിക്രൂട്ട്‌മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേർന്നു. കരാറിന്റെ ഭാഗമായുളള റിക്രൂട്ട്‌മെന്റ് നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ മീറ്റിൽ ചർച്ച ചെയ്തു.

SCROLL FOR NEXT