Malankara Drinking Water Project PRD
Idukki

മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ

മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമഗ്രമായ ശുദ്ധജല വിതരണം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്

Elizabath Joseph

തൊടുപുഴ: മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമഗ്രമായ ശുദ്ധജല വിതരണം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തില്‍. നബാര്‍ഡിന്റെയും ജലജീവന്‍ മിഷന്റെയും സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. മലങ്കര ജലാശയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആറ് മീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്നും ജലം ശേഖരിച്ച് പെരുമറ്റത്ത് എം.വി.ഐ.പിയുടെ (മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് ) ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിച്ചതിന് ശേഷം വിതരണം ചെയ്യും.

Read More: സ്ത്രീയാത്രികർക്ക് സുരക്ഷിത താമസം, ജില്ലയിലെ ഷീ ലോഡ്ജ് പള്ളിവാസലിൽ

മൂലമറ്റം വൈദ്യുതി ഉല്‍പാദന നിലയത്തില്‍നിന്ന് ഉല്‍പാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറംതള്ളുന്ന ജലമാണ് ശുദ്ധീകരണ പ്ലാന്റിലേക്ക് എടുക്കുന്നത്. മാത്തപ്പാറയിലെ നിലവിലുള്ള പമ്പ്ഹൗസ് നിലനിര്‍ത്തി പുതിയ മോട്ടോറുകള്‍ സ്ഥാപിച്ച് പ്രതിദിനം 11 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിവുള്ള ശുദ്ധീകരണശാലയിലേക്ക് ജലം എത്തിക്കും.

ജലശുദ്ധീകരണശാലയുടെ വിവിധ ഘടകങ്ങളായ എയറേറ്റര്‍, റോ വാട്ടര്‍ ചാനല്‍, ഫ്‌ലാഷ് മിക്‌സര്‍, ക്ലാരിഫ്‌ലോക്കുലേറ്റര്‍, ഫില്‍ട്ടര്‍ ഹൗസ്, ക്ലിയര്‍ വാട്ടര്‍ ചാനല്‍, ക്ലിയര്‍ വാട്ടര്‍ സമ്പ്, ക്ലിയര്‍ വാട്ടര്‍ പമ്പ് ഹൗസ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ജല ശുദ്ധീകരണ ശാലയുടെ 93 മീറ്റര്‍ നീളമുള്ള സംരക്ഷണ ഭിത്തിയുടെനിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നബാര്‍ഡില്‍ നിന്നും ലഭിച്ച 18.67 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ഇല്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള പദ്ധതിയുടെ പുനരുദ്ധാരണത്തിനു വേണ്ടി ജലജീവന്‍ മിഷന്‍ വഴി മുട്ടം, കരിംകുന്നം പഞ്ചായത്തിന് 85.62 കോടി രൂപയും കുടയത്തൂര്‍ പഞ്ചായത്തിന് 39.56 കോടിയും ചെലവഴിച്ചാണ് സമ്പൂര്‍ണ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

പദ്ധതി പൂര്‍ത്തീകരിക്കുന്നതോടു കൂടി നിലവിലുള്ളതും ഗാര്‍ഹികേതരവുമായ കണക്ഷനുകളും കൂടാതെ മുട്ടം ഗ്രാമപഞ്ചായത്തില്‍ പുതുതായി 1297 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളും കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ പുതുതായി 2450 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളും കുടയത്തൂര്‍ പഞ്ചായത്തില്‍ പുതുതായി 3013 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളുമാണ് നിലവില്‍ വരുന്നത്. കൂടാതെ മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ 248 കിലോമീറ്റര്‍ നീളത്തിലുള്ള വിതരണ ശൃംഖലകൾ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പൂര്‍ത്തീകരിക്കുന്ന ജല ശുദ്ധീകരണശാലയില്‍ നിന്നും വെള്ളം പമ്പ് ചെയ്യ്ത് മുട്ടം പഞ്ചായത്തിലെ കാക്കൊമ്പ്, എള്ളുംപുറം,കുരിശുപാറ, കോച്ചേരിമല, കണ്ണാടിപ്പാറ, മടത്തിപ്പാറ,കൊല്ലംകുന്ന്,വള്ളിപ്പാറ എന്നീ പ്രദേശങ്ങളില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ എട്ട് ജലസംഭരണികളും കരിങ്കുന്നം പഞ്ചായത്തിലെ പൊന്നന്താനം, മറ്റത്തിപ്പാറ, എടപ്പുറംകുന്നു,വടക്കുംമുറി, പെരുങ്കോവ്, നെല്ലാപ്പാറ, വെള്ളംനീക്കിപാറ എന്നീ പ്രദേശങ്ങളില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ ഏഴ് ജലസംഭരണികളും കുടയത്തൂര്‍ പഞ്ചായത്തിലെ കൈപ്പ, കൂവപ്പള്ളി,അടൂര്‍ മല ,മോര്‍ക്കാട് ബൂസ്റ്റര്‍ 1, മോര്‍ക്കാട് ബൂസ്റ്റര്‍ 2 ,കൂവപ്പള്ളി ടോപ്പ്, മോര്‍ക്കാട് ടോപ്പ് എന്നിവിടങ്ങളിലെ ഏഴ് ടാങ്കുകളും വഴി ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കുടയത്തൂര്‍ ബ്ലൈന്‍ഡ് സ്‌കൂളിന് സമീപമുള്ള 2.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ പ്രവര്‍ത്തി അന്തിമഘട്ടത്തിലാണ്. വിവിധ സംഭരണശേഷിയുള്ള ടാങ്കുകളായ മോര്‍ക്കാട് ബൂസ്റ്റര്‍ 1, കൈപ്പ, അടൂര്‍മല, മോര്‍ക്കാട് ടോപ്പ് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കുടയത്തൂര്‍ പഞ്ചായത്തിലെവിവിധ ടാങ്ക് സൈറ്റുകള്‍ക്കായി സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു വരികയാണ്. 2026 മെയ് മാസത്തോടു കൂടിപദ്ധതിയിലൂടെ ശുദ്ധജലം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

SCROLL FOR NEXT