തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നു മുതൽ അധികവില ഈടാക്കും. കണ്ണൂർ, തിരുവനന്തപുരം എന്നീ രണ്ട് ജില്ലകളിലെ 20 ഷോപ്പുകളിലായി ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. സിഡിറ്റ് തയ്യാറാക്കിയ പ്രത്യേക ലേബലുകൾ പ്ലാസ്റ്റിക് ബോട്ടിലുകളിൽ പതിപ്പിക്കും. 20 രൂപ വാങ്ങുന്നതിന് പ്രത്യേകം രസീത് നൽകും. പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിക്കുമ്പോൾ പണം തിരികെ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം.
കുപ്പി തിരിച്ചെടുക്കണമെങ്കിൽ ലേബൽ നിർബന്ധമാണ്. ആദ്യഘട്ടത്തിൽ പ്രത്യേകമായിട്ടാകും 20 രൂപ ഈടാക്കുക. ജനുവരിയിൽ സംസ്ഥാനവ്യാപകമാക്കുമ്പോൾ ഒറ്റബില്ലായിമാറും. അതത് ഷോപ്പുകളിൽ വിൽക്കുന്ന കുപ്പികളാകും ആദ്യഘട്ടത്തിൽ എടുക്കുക. ഇതിനായി പ്രത്യേക കൗണ്ടറും സജ്ജമാക്കും. കൗണ്ടറുകളിലേക്ക് കുടുംബശ്രീ പ്രവർത്തകരേയും നിയമിച്ചു. കുപ്പികൾ തിരിച്ചെടുക്കുന്നിന് പണമടച്ച രസീത് ആവശ്യമില്ല.
ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 20 ഷോപ്പുകളിലായി മാസം 27 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ വിൽക്കുന്നുണ്ട്. ഇവ തിരികെ ശേഖരിക്കുന്നതിന്റെ പരിമിതകൾ മനസ്സിലാക്കിയശേഷം അവശ്യമായ മാറ്റംവരുത്തി മറ്റു ഷോപ്പുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഒരുമാസം നാലുകോടി പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കേണ്ടിവരുമെന്നാണ് കണക്ക്.