കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 2 മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തു. . മൂന്നു മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രണ്ട് മരണവും സംഭവിച്ചത്. ഓമശ്ശേരി സ്വദേശിയായ കുഞ്ഞ് കഴിഞ്ഞ ഒരു മാസത്തിലധികമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കിണറ്റിൽനിന്നുള്ള വെള്ളത്തിൽ നിന്നാണ് കുഞ്ഞിന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സാമ്പിൾ പരിശോധിച്ചപ്പോൾ അമീബയുടെ സാന്നിധ്യം കിണറ്റിലെ വെള്ളത്തിൽ കണ്ടെത്തിയിരുന്നു
മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയെന്ന 52 വയസുകാരിയും ഇന്നലെ മരിച്ചു. ഒന്നര മാസമായി ചികിത്സയിലായിരുന്നു. ജൂലൈ എട്ടാം തിയതിയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വിവധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം ഓഗസ്റ്റ് നാലിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടുവെങ്കിലും ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളായി, 31ന് മരണം സംഭവിച്ചു.