എയർ ഇന്ത്യ സംഘം മുഖ്യമന്ത്രി പിണറാ.ി വിജയനുമായി നടത്തിയ കൂടിക്കാഴ്ച PRD
Kerala

വെട്ടിക്കുറച്ച വിമാനസർവീസുകൾ തിരികെ വരും, കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകൾ 231 ആകും

2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കും.

Elizabath Joseph

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള വിമാനസർവീസുകളിൽ പലതും വെട്ടിക്കുറച്ചത് താത്കാലികമാണെന്ന് എയർ ഇന്ത്യ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ് പ്രസ് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സര്‍വ്വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി. അതേസമയം കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. അവയില്‍ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതുവഴി കേരളത്തിന്‍റെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് സേവനങ്ങള്‍ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവത്തതാണ്. ഗള്‍ഫ് മേഖലയില്‍ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസ്സമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്. കണ്ണുര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും കേരളത്തില്‍ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഏകപക്ഷീയമായി എടുക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനാ സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കും. ഇതോടെ ശൈത്യകാലത്തില്‍ വരുത്തിയ കുറവ് പരിഹരിക്കപ്പെടും. ഫുജൈറ, മെദീന, മാലി, സംഗപൂര്‍, ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസുകള്‍ തുടങ്ങും. ബംഗ്ളുരൂ വഴിയോ സിംഗപൂര്‍ വഴിയോ ആസ്ട്രേലിയ - ജപ്പാന്‍ സര്‍വ്വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും.

ഓണം, ക്രസ്തുമസ്, പുതുവര്‍ഷം തുടങ്ങിയ സീസണുകളില്‍ അധിക വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സര്‍വ്വീസ് നടത്താന്‍ നടപടിയെടുക്കും. തിരുവനന്തപുരത്തിനും ഡല്‍ഹിക്കും ഇടയില്‍ ബിസിനസ് ക്ലാസുള്ള വിമാനം പരിഗണിക്കും. തിരുവനന്തപുരം - ദുബായ് പോലുള്ള സെക്ടറുകളില്‍ കുറവ് വരുത്തിയ വിമാനങ്ങള്‍ ഈ സീസണില്‍ തന്നെ മടക്കിക്കൊണ്ടു വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എയര്‍പോര്‍ട്ട് അധികാരികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തി. കണ്ണൂര്‍ വിമാനത്താവള അധികൃതരുമായി വിശദമായ ചര്‍ച്ച നാളെ കൊച്ചിയില്‍ നടക്കും. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാനേജ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT