കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മമത ബാനർജി പറഞ്ഞു.  
India

45 വർഷങ്ങൾക്ക് ശേഷം വക്കീൽ കുപ്പായം അണിഞ്ഞ് മമത ബാനർജി

45 വർഷങ്ങൾക്ക് ശേഷം വക്കീൽ കുപ്പായം അണിഞ്ഞ മമത ബാനർജി എസ്ഐആറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

Safvana Jouhar

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയിൽ സ്വയം വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി. 45 വർഷങ്ങൾക്ക് ശേഷം വക്കീൽ കുപ്പായം അണിഞ്ഞ മമത ബാനർജി എസ്ഐആറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മമത ബാനർജി പറഞ്ഞു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നില്ലെന്ന് മമത വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ലെന്നും മമത വാദിച്ചു. അതേസമയം ആവശ്യത്തിന് ജീവനക്കാരെ ബംഗാൾ സർക്കാർ നൽകുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

എന്നാൽ കമ്മീഷൻ പറയുന്നത് തെറ്റാണെന്ന് കോടതി മുറിയിൽ മമത തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം വിശദമായി കേൾക്കണം എന്ന് സോളിസിറ്റർ ജനറൽ ആവശ്യമുയർത്തി. ഇതിനിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം കമ്മീഷൻ മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

തന്റെ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാനാണെന്ന് മമത ബാനർജി പറഞ്ഞു. വാതിലിനപ്പുറത്ത് മോചനം തേടി നീതി കരയുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് വേണ്ടിയല്ല തന്റെ ഹർജി. ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ല. ബംഗാളിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യംവെയ്ക്കുകയാണ്. ഇതിന് കാരണം തെരഞ്ഞെടുപ്പാണെന്നും മമത വാദിച്ചു. മമത ബാനർജിയുടെ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ച സാവകാശം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ചത്തെ വിശാല സാവകാശം നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി.

SCROLL FOR NEXT