ബൈപ്പനഹള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയായ 1200ഫ്ലാറ്റുകളില്‍ 180 എണ്ണം ആണ് നല്‍കുക. 
India

കര്‍ണാടകയിലെ പൊളിച്ചുനീക്കല്‍; ഇരകള്‍ക്ക് 180ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കും

ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുക. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീം ഉദ്യോഗസ്ഥര്‍ ഇന്നലെ കോളനിയില്‍ എത്തി രേഖകള്‍ പരിശോധിച്ചിരുന്നു.

Safvana Jouhar

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവത്തിലെ ഇരകളെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാൻ തീരുമാനം. ഇതിനായി സര്‍ക്കാര്‍ അധികൃതരുടെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന ആരംഭിച്ചു. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമില്‍ 180ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കാനാണ് തീരുമാനം. ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുക. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീം ഉദ്യോഗസ്ഥര്‍ ഇന്നലെ കോളനിയില്‍ എത്തി രേഖകള്‍ പരിശോധിച്ചിരുന്നു. ബൈപ്പനഹള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയായ 1200ഫ്ലാറ്റുകളില്‍ 180 എണ്ണം ആണ് നല്‍കുക. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകിട്ടോടെ പ്രഖ്യാപനം നടത്തിയേക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്ന് പുനരധിവാസ പാക്കേജ് അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതിനിധി സംഘത്തിന് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈര്‍, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, ദേശീയ സെക്രട്ടറി സി കെ ശാക്കിര്‍, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങള്‍ ബെംഗളൂരു എന്നിവരടങ്ങിയ സംഘമാണ് കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ന്യൂനപക്ഷ കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന സെക്രട്ടറി പി മുനീറും കൂടെയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളും മനുഷ്യ സ്നേഹികളുടെ ആശങ്കയും ലീഗ് നേതാക്കള്‍ കര്‍ണാടക ശ്രദ്ധയില്‍പെടുത്തി. അതേസമയം ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയാണ് യെലഹങ്ക കൊഗിലു ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലേയും മുന്നൂറിലേറെ വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്‌കരണത്തിനുളള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പൊലീസ് മാര്‍ഷലും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു.

SCROLL FOR NEXT