മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമായ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ ഫൈറ്റ് സീനുകളെ കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തിനെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്നും അഭിപ്രായം ഉണ്ട്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷമുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഇൻട്രോ മികച്ചതാണെന്നാണ് അഭിപ്രായം. ചില സ്ഥലങ്ങളിൽ സ്പോട്ട് ഡബ്ബിംഗ് തോന്നുമെങ്കിലും, സിനിമ മൊത്തത്തിൽ ഒരു രസകരമായ യാത്രയാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്.