ഉമർ ഖാലിദിന്റെയോ മംദാനിയുടെയോ പേര് പരാമർശിക്കാതെയായിരുന്നു ഗൗരവ് ഭാട്ടിയയുടെ പ്രതികരണം. (News nine)
India

ഉമർ ഖാലിദിന് കത്തെഴുതിയ മംദാനിക്കെതിരെ ബിജെപി

ന്യൂയോർക്ക് മേയർ ഒരു കുറ്റാരോപിതനെ പിന്തുണച്ചോ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയോ ചെയ്താൽ രാജ്യം അത് സഹിക്കില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

Safvana Jouhar

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി കത്തയച്ചതിൽ രൂക്ഷ വിമർശനവുമായി ബിജെപി. ന്യൂയോർക്ക് മേയർ ഒരു കുറ്റാരോപിതനെ പിന്തുണച്ചോ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയോ ചെയ്താൽ രാജ്യം അത് സഹിക്കില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. 'ഇന്ത്യൻ നിയമവ്യവസ്ഥയിൽ രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്ത്യൻ നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും കുറിച്ച് ചോദ്യം ഉന്നയിക്കാൻ പുറത്തുനിന്നുള്ള ആൾ ആരാണ്?. അതും രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്ന ആളെ പിന്തുണക്കാൻ. ഇത് ശരിയല്ല' - ഗൗരവ് ഭാട്ടിയ പറഞ്ഞു. ഉമർ ഖാലിദിന്റെയോ മംദാനിയുടെയോ പേര് പരാമർശിക്കാതെയായിരുന്നു ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.

ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേറിയ ദിവസമാണ് ഉമറിന്റെ സുഹൃത്തുക്കൾ സോഷ്യല്‍ മീഡിയയിലൂടെ കത്ത് പങ്കുവെച്ചത്. പ്രിയപ്പെട്ട ഉമര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഉമറിനായുള്ള മംദാനിയുടെ കത്ത് തുടങ്ങുന്നത്. കയ്പിനെ കുറിച്ചും സ്വയം നശിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള താങ്കളുടെ വാക്കുകള്‍ താന്‍ ഓര്‍ക്കാറുണ്ടെന്ന് മംദാനി കത്തില്‍ പറഞ്ഞിരുന്നു. ഉമറിന്റെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞാണ് സൊഹ്‌റാന്‍ മംദാനി കത്ത് അവസാനിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് മേയറാകുന്നതിന് മുന്‍പ് ജനാധിപത്യത്തെ കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ഉമര്‍ ഖാലിദിന്റെ കുറിപ്പുകള്‍ മംദാനി വായിച്ചിരുന്നു. വിചാരണ പോലുമില്ലാതെ ഉമറിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുള്ള കാര്യം അന്ന് ആമുഖത്തില്‍ മംദാനി പറഞ്ഞിരുന്നു. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷാമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്.

SCROLL FOR NEXT