അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ബയോഫാർമ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ 10,000 കോടി രൂപയുടെ ബൃഹദ് പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ‘ബയോ ഫാർമ ശക്തി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തദ്ദേശീയമായി ബയോളജിക് മരുന്നുകൾ നിർമ്മിക്കാനും ഗവേഷണം ശക്തമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
മരുന്നുകൾ കുറഞ്ഞ വിലയിൽ: കാൻസർ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കും.
പുതിയ സ്ഥാപനങ്ങൾ: ഗവേഷണത്തിനായി മൂന്ന് പുതിയ നൈപ്പർ (NIPER) ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. നിലവിലുള്ള ഏഴ് സ്ഥാപനങ്ങൾ നവീകരിക്കും.
ക്ലിനിക്കൽ ട്രയൽ ശൃംഖല: രാജ്യത്തുടനീളം 1,000 അംഗീകൃത ക്ലിനിക്കൽ ട്രയൽ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇത് മരുന്ന് നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കും.
ഡ്രഗ് കൺട്രോൾ വിഭാഗമായ സി.ഡി.എസ്.സി.ഒ (CDSCO) ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്നും ലൈഫ് സയൻസ് മേഖലയിൽ വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.