Representative Image 
India

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം

രാജ്യത്ത് ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവിന് വിധിക്കുന്നത്. ഒരുവര്‍ഷം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. വിധിയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികള്‍ വ്യക്തമാക്കി.

Safvana Jouhar

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ച് അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മൂവരില്‍ നിന്നും പശുമാംസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും ഇതറിഞ്ഞാണ് പ്രതികള്‍ കുറ്റം ചെയ്തതെന്നുമാണ് കോടതിയുടെ നിരീക്ഷണം. സെഷന്‍സ് ജഡ്ജി റിസ്വാനബെന്‍ ബുഖാരിയാണ് ശിക്ഷ വിധിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവിന് വിധിക്കുന്നത്. ഒരുവര്‍ഷം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. വിധിയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികള്‍ വ്യക്തമാക്കി.

ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരം, ഓരോരുത്തർക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. സെക്ഷൻ 6(ബി) (ഏഴ് വർഷവും 1 ലക്ഷം രൂപയും പിഴ), സെക്ഷൻ 429 ഐപിസി (അഞ്ച് വർഷവും 5,000 രൂപയും പിഴ), സെക്ഷൻ 295 ഐപിസി (മൂന്ന് വർഷവും 3,000 രൂപയും പിഴ) എന്നിവ പ്രകാരം അധിക ശിക്ഷയും വിധിച്ചു. ഇവയെല്ലാം ഒരേസമയം അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ തടവ് ശിക്ഷ ദീർഘിപ്പിക്കും. അതേസമയം അമ്മയായ പശുവിനെതിരെ അനീതി ചെയ്യുന്നവരെ വെറുതെ വിടില്ലെന്നായിരുന്നു വിധിയോട് പ്രതികരിച്ചുകൊണ്ട് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി എക്‌സിൽ കുറിച്ചത്. “രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗോഹത്യചെയ്ത കുറ്റക്കാരായവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇത് വെറുമൊരു വിധിയല്ല, ഇതൊരു സന്ദേശമാണ്. നമ്മുടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായ അമ്മയായ പശുവിനെതിരെ അനീതി ചെയ്യുന്നവരെ വെറുതെ വിടില്ല”, അദ്ദേഹം കുറിച്ചു.

SCROLL FOR NEXT