ഓസ്ട്രേലിയയിൽ നടന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം Instagram/@mom.in.sydney
Australia

ഓസ്‌ട്രേലിയയിൽ റിപ്പബ്ലിക് ദിനാഘോഷം; ഇന്ത്യൻ സമൂഹത്തിനെതിരെ ഓൺലൈനിൽ വംശീയ അധിക്ഷേപം

ജനുവരി 26 ഓസ്‌ട്രേലിയൻ ദേശീയ ദിനം (Australia Day) കൂടിയാണെന്നും അന്ന് ഇത്തരം പ്രകടനങ്ങൾ നടത്തുന്നത് അനാദരവാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി.

Elizabath Joseph

ഓസ്‌ട്രേലിയയിലെ തെരുവുകളിൽ ഇന്ത്യക്കാർ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് വലിയ തർക്കം ഉടലെടുത്തിരിക്കുകയാണ്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും ചെണ്ടമേളങ്ങളുടെ അകമ്പടിയോടും കൂടി ഇന്ത്യൻ ദേശീയ പതാകയും ഓസ്‌ട്രേലിയൻ പതാകയും ഏന്തിയാണ് പ്രവാസികൾ തെരുവിലിറങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ദൃശ്യങ്ങൾക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിലർ ഈ രാജ്യസ്‌നേഹ പ്രകടനത്തെ പ്രശംസിച്ചപ്പോൾ, ജനുവരി 26 ഓസ്‌ട്രേലിയൻ ദേശീയ ദിനം (Australia Day) കൂടിയാണെന്നും അന്ന് ഇത്തരം പ്രകടനങ്ങൾ നടത്തുന്നത് അനാദരവാണെന്നും ആരോപിച്ച് മറ്റൊരു വിഭാഗം രംഗത്തെത്തി. "ഇന്ത്യയിലേക്ക് തിരിച്ചു പോകൂ" എന്നതടക്കമുള്ള കടുത്ത വംശീയ അധിക്ഷേപങ്ങളാണ് പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിദേശ രാജ്യങ്ങളിൽ താമസിക്കുമ്പോൾ അവിടുത്തെ നിയമങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കണമെന്നും ചിലർ കമന്റ് ചെയ്തു.

എന്നാൽ, ആഘോഷത്തെ പിന്തുണച്ചവർ ഇതിനെ പ്രതിരോധിച്ചു. ജന്മനാടിനോടും തങ്ങൾ ജീവിക്കുന്ന നാടിനോടും ഒരുപോലെ കടപ്പാടും സ്നേഹവുമുള്ളതുകൊണ്ടാണ് ഇരു പതാകകളും ഏന്തി ആഘോഷം നടത്തിയതെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു വശത്ത് ഇത്തരത്തിലുള്ള ആഘോഷങ്ങൾ നടക്കുമ്പോൾ മറുവശത്ത് നടക്കുന്ന ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങൾ ഖേദകരമാണെന്നും സമാധാനപരമായ ആഘോഷങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും സപ്പോർട്ടർമാർ പറഞ്ഞു.

SCROLL FOR NEXT