ഒക്ടോബർ 27നാണ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമുള്ള പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുക.  (iStock)
Australia

വൂൾവർത്ത്‌സിന്റെ ‘Bunch’ പ്രോഗ്രാം ഒക്ടോബർ 27ന് അവസാനിക്കും

അംഗങ്ങൾക്ക് ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭിക്കുകയും അവ ഉപയോഗിച്ചുള്ള അനുഭവം വിലയിരുത്തി റിവ്യൂ നൽകുകയും ചെയ്യുന്നതായിരുന്നു Bunch പ്രോഗ്രാമിന്റെ പ്രധാന പ്രത്യേകത.

Safvana Jouhar

ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ വൂൾവർത്ത്‌സ് ജനപ്രിയമായ ‘Bunch’ അംഗത്വ പരിപാടി അടുത്ത മാസം അവസാനിപ്പിക്കും. ഒക്ടോബർ 27നാണ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമുള്ള പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുക. അംഗങ്ങൾക്ക് ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭിക്കുകയും അവ ഉപയോഗിച്ചുള്ള അനുഭവം വിലയിരുത്തി റിവ്യൂ നൽകുകയും ചെയ്യുന്നതായിരുന്നു Bunch പ്രോഗ്രാമിന്റെ പ്രധാന പ്രത്യേകത. റെസിപ്പികൾ പങ്കുവയ്ക്കാനും ഫോറങ്ങളിലൂടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പ്ലാറ്റ്‌ഫോമിൽ സൗകര്യമുണ്ടായിരുന്നു.

പ്ലാറ്റ്‌ഫോം അടയ്ക്കുന്നതോടെ അംഗങ്ങൾക്ക് ലഭിച്ചിരുന്ന സൗജന്യ ഉൽപ്പന്ന സാമ്പിളുകളും അവസാനിക്കും. ഉൽപ്പന്ന റിവ്യൂകൾ ഇനി വൂൾവർത്ത്‌സിന്റെ ഡിജിറ്റൽ സ്റ്റോറിലും ചെക്ക്ഔട്ട് സംവിധാനത്തിലും നേരിട്ട് ഉൾപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. Bunch പ്ലാറ്റ്‌ഫോമിൽ ഇതിനകം പോസ്റ്റ് ചെയ്ത റേറ്റിംഗുകളും റിവ്യൂകളും വൂൾവർത്ത്‌സിന്റെ വെബ്‌സൈറ്റിലേക്കും ആപ്പിലേക്കും മാറ്റുമെന്ന് കമ്പനി അറിയിച്ചു. അംഗങ്ങളുടെ റിവ്യൂകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.

Bunch അംഗങ്ങൾക്ക് ‘Everyday Rewards’ അക്കൗണ്ടിൽ പ്രത്യേക ആനുകൂല്യ ഓഫറുകൾ നൽകുമെന്നും വൂൾവർത്ത്‌സ് അറിയിച്ചു. എന്നാൽ Everyday Rewards ലോയൽറ്റി പ്രോഗ്രാമിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.

SCROLL FOR NEXT