ഓസ്ട്രേലിയയിൽ രണ്ടാമത്തെ കാട്ടുപക്ഷിക്കും H5N1 പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതായി ഫെഡറൽ കൃഷിമന്ത്രി ജൂലി കോളിൻസ് അറിയിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ എസ്പെരൻസിന് സമീപം കണ്ടെത്തിയ ഒരു നോർതേൺ ജയന്റ് പെട്രൽ പക്ഷിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി H5N1 വൈറസ് കണ്ടെത്തിയത് ഇതേ മേഖലയിലെ ഒരു ബ്രൗൺ സ്കുവ പക്ഷിയിലായിരുന്നു. ഇരുപക്ഷികളിലും രോഗബാധ സ്ഥിരീകരിച്ചെങ്കിലും ഓസ്ട്രേലിയയിലെ കോഴിവളർത്തൽ ഫാമുകളിൽ ഇതുവരെ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും വന്യജീവികളുടെ കൂട്ടമരണത്തിനുള്ള തെളിവുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.
H5N1 വൈറസിനെ പൂർണമായും ഇല്ലാതാക്കാനാകുമോ, അല്ലെങ്കിൽ നിയന്ത്രണവിധേയമാക്കേണ്ട സാഹചര്യമാണോ എന്നത് വിലയിരുത്താൻ അടിയന്തര പ്രതികരണ സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് ജൂലി കോളിൻസ് പറഞ്ഞു. വൈറസ് വന്യജീവികളിൽ വ്യാപകമായി പടർന്നിട്ടുണ്ടോ, അതോ നിലവിൽ ഈ രണ്ട് പക്ഷികളിൽ മാത്രം ഒതുങ്ങിയതാണോ എന്നതും പരിശോധിച്ചുവരികയാണ്. വെസ്റ്റേൺ ഓസ്ട്രേലിയൻ പ്രീമിയർ റോജർ കുക്ക്, സംസ്ഥാനത്തിന്റെ വിശാലമായ തീരപ്രദേശങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രത അനിവാര്യമാണെന്ന് പറഞ്ഞു. ജൈവസുരക്ഷാ ഭീഷണികളെ നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചത്ത പക്ഷികളെ കണ്ടെത്തി അധികൃതരെ അറിയിച്ച നാട്ടുകാരെ അദ്ദേഹം അഭിനന്ദിച്ചു.
സമീപകാലത്ത് ചത്ത പക്ഷികളെക്കുറിച്ചുള്ള പൊതുജന റിപ്പോർട്ടുകൾ വർധിച്ചതായും നിരവധി സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ടെന്നും സംസ്ഥാന ചീഫ് വെറ്ററിനറി ഓഫീസർ ബെത്ത് കുക്സൺ അറിയിച്ചു. പുതിയ കേസുകൾ നിരാശാജനകമാണെങ്കിലും അപ്രതീക്ഷിതമല്ലെന്ന് പരിസ്ഥിതി മന്ത്രി മറെ വാട്ട് പ്രതികരിച്ചു. ഇതുവരെ H5N1 വൈറസ് സ്ഥിരീകരിക്കാത്ത ഏക ഭൂഖണ്ഡമായിരുന്നു ഓസ്ട്രേലിയ. അതിനാൽ പ്രതിരോധ നടപടികൾക്കായി രാജ്യത്തിന് കൂടുതൽ സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗബാധ ഇപ്പോൾ രണ്ട് പക്ഷികളിൽ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും വന്യജീവികൾക്കും കാർഷിക മേഖലയ്ക്കും ഇത് വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രോഗവ്യാപന സാധ്യതയെ നേരിടാൻ ഫെഡറൽ സർക്കാർ 113 മില്യൺ ഡോളറിന്റെ തയ്യാറെടുപ്പ് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും വെറ്ററിനറി പരിശീലനവും സ്വദേശി ജീവിവർഗങ്ങളുടെ അപകടസാധ്യതാ പഠനങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.