(ABC News)
Western Australia

പെർത്തിൽ വീണ്ടും തിമിംഗലത്തിന്റെ ജഡാവശിഷ്ടങ്ങൾ; സ്രാവുകളുടെ സാന്നിധ്യത്തിന് മുന്നറിയിപ്പ്

സോറന്റോ ബീച്ച് അടച്ചു; വേനൽക്കാലത്തിന് മുന്നോടിയായി കടൽത്തീരങ്ങളിൽ സുരക്ഷാ ആശങ്ക വർധിക്കുന്നു.

Safvana Jouhar

പെർത്തിൽ സോറന്റോ ബീച്ചിൽ തിമിംഗലത്തിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്തെ ബീച്ചുകൾ അടച്ചു. ജഡത്തിന്റെ വാൽ നീക്കം ചെയ്തെങ്കിലും അവശിഷ്ടങ്ങൾ സ്രാവുകളെ ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച പെർത്തിലെ ബീച്ചുകളിൽ കരയ്ക്കടിയുന്ന രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡമാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തേതും. വേനൽക്കാലം അടുത്തതോടെ കടൽത്തീരങ്ങളിൽ തിരക്ക് വർധിക്കാനിരിക്കെ സ്രാവുകളുടെ സാന്നിധ്യം സംബന്ധിച്ച ആശങ്കയും ശക്തമായിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് സോറന്റോ ബീച്ചിന് സമീപം നീന്തുന്നതിനിടെ പെർത്ത് സ്വദേശിയായ ഗ്രെഗ് ഒനീലിനെ വലിയ വെള്ള സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ വർഷം വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്തിൽ മരിച്ച മൂന്നാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. സോറന്റോ ബീച്ചിന് സമീപം തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി സർഫ് ലൈഫ് സേവേഴ്‌സ് അറിയിച്ചതിന് മണിക്കൂറുകൾക്കകം ജുണ്ടലപ് നഗരസഭ അവ നീക്കം ചെയ്തു. എന്നാൽ, തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞ സ്ഥലത്ത് അവശിഷ്ടങ്ങൾ ശേഷിക്കുന്നതിനാൽ സ്രാവുകൾ പ്രദേശത്തേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ബീച്ചുകൾ അടച്ചിടുകയാണെന്നും നഗരസഭ അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് സർക്കാർ പുറത്തിറക്കിയ ഷാർക്സ്‌മാർട്ട് ആപ്പിൽ വ്യക്തമാക്കി. പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയണൽ ഡെവലപ്‌മെന്റ് വകുപ്പ് (DPIRD) ഉൾപ്പെടെ വിവിധ ഏജൻസികൾ നിരീക്ഷണത്തിൽ പങ്കാളികളാണ്.

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

വ്യാഴാഴ്ച സൗത്ത് കോട്ടസ്‌ലോ ബീച്ചിലും ഏകദേശം മൂന്ന് മീറ്റർ നീളമുള്ള, ജീർണിച്ച തിമിംഗലത്തിന്റെ ഭാഗിക ജഡം കരയ്ക്കടിഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സമീപത്തെ എല്ലാ ബീച്ചുകളും അടച്ചു. പിന്നീട് ജഡാവശിഷ്ടങ്ങൾ റെഡ് ഹിൽ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ സംസ്കരിച്ചു. സെപ്റ്റംബർ 27ന് സൗത്ത് സിറ്റി ബീച്ചിൽ ഏകദേശം 13 മീറ്റർ നീളവും 72 ടൺ ഭാരവുമുള്ള കൂനൻ തിമിംഗലത്തിന്റെ ജഡവും കരയ്ക്കടിഞ്ഞിരുന്നു. ഇത് നീക്കം ചെയ്യാൻ വലിയ എക്‌സ്‌കവേറ്റർ ഉപയോഗിക്കേണ്ടിവന്നു.

സ്രാവുകളിൽനിന്ന് സുരക്ഷ ഉറപ്പാക്കാൻ പുതിയ നടപടികൾ

കടൽത്തീരങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്രാവുകൾക്ക് ടാഗ് ഘടിപ്പിക്കുന്ന പദ്ധതി വിപുലീകരിക്കാൻ വെസ്റ്റേൺ ഓസ്‌ട്രേലിയ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബീച്ചുകളിൽ നിരീക്ഷണത്തിനായി കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്ന ഡ്രോണുകൾ വിന്യസിക്കുന്നതും പരിഗണനയിലുണ്ട്. വേനൽക്കാലത്ത് കൂടുതൽ ആളുകൾ കടൽത്തീരങ്ങളിലേക്ക് എത്താനിരിക്കെ, തിമിംഗലങ്ങളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ ബീച്ചുകൾ അടയ്ക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ തുടരുകയാണ് അധികൃതർ.

SCROLL FOR NEXT