വിശാലമായി നീണ്ടുനിവർന്നു കിടക്കുന്ന റോഡ് കാണുമ്പോൾ അറിയാതെ കാൽ ആക്സിലറേറ്ററിൽ അമരും. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം എപ്പോൾ വേണമെങ്കിലും എത്താം. ഇപ്പോഴിതാ, പെർത്ത് റോഡുകളിൽ പുതിയ സ്പീഡ് ബമ്പുകൾ സ്ഥാപിക്കുകയാണ് അധികൃതർ.
അപകടങ്ങൾ കുറയ്ക്കാനും വാഹന വേഗം നിയന്ത്രിക്കാനും സിറ്റി ഓഫ് സ്റ്റർലിംഗ് നടത്തുന്ന അർബൻ റോഡ് സേഫ്റ്റി പ്രോഗ്രാമിന്റെ ഭാഗമായി ജോണ്ടാനയും സൗത്ത് ടുവാർട്ട് ഹിൽ പ്രദേശങ്ങളിലും ഇവ സ്ഥാപിക്കും. 41 ഇന്റർസെക്ഷൻകളിൽ ഉയർത്തിയ സുരക്ഷാ പ്ലാറ്റ്‌ഫോമുകളും പ്രാദേശിക റോഡുകളിൽ 22 ആസ്ഫാൽറ്റ് സ്പീഡ് കുഷ്യനുകളുമാണ് സ്ഥാപിക്കുക.
വടക്ക് റോയൽ സ്ട്രീറ്റ്, തെക്ക് ഗ്രീൻ സ്ട്രീറ്റ്, പടിഞ്ഞാറ് മെയിൻ സ്ട്രീറ്റ്, കിഴക്ക് വാനെറൂ റോഡ് എന്നിവയാൽ ചുറ്റപ്പെട്ട പ്രദേശത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന നിരവധി കവലകളെയും റോഡുകളെയും ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രദേശത്തെ് ശരാശരിയേക്കാൾ ഉയർന്ന വാഹനാപകട നിരക്കാണ് ഇവിടെയുള്ളത്.
2020 മുതൽ 2024 വരെ ഇവിടെ 139 അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ട് പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു, 28 പേർക്ക് ചികിത്സ ആവശ്യമുണ്ടായി, 66 കേസുകളിൽ വൻ വസ്തു നാശനഷ്ടങ്ങൾ ഉണ്ടായി.