പെർത്ത്: പെർത്ത് വിമാനത്താവളത്തിൽ നിന്ന് ജപ്പാനിലേക്കുള്ള വിമാനസർവീസ് പ്രതിദിന സർവീസായി ഉയർത്തുന്നു. ഈ ശൈത്യകാലത്ത് 2025 ഡിസംബർ 1 നും 2026 ഏപ്രിൽ 19 നും ഇടയിൽ പെർത്ത് വിമാനത്താവളത്തിൽ നിന്ന് ഓൾ നിപ്പോൺ എയർവേയ്‌സ് (ANA) സർവീസുകൾ പ്രതിദിന സർവീസുകളായി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തെ പെർത്ത് വിമാനത്താവളം സ്വാഗതം ചെയ്തു.
ജപ്പാനിലേക്കുള്ള പ്രതിദിന നോൺസ്റ്റോപ്പ് കണക്റ്റിവിറ്റി വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് ഒരു സന്തോഷവാർത്തയാണെന്നും ഈ തിരക്കേറിയ യാത്രാ കാലയളവിൽ പെർത്തിൽ നിന്ന് ഏകദേശം 20,000 സീറ്റുകൾ കൂടി നൽകുമെന്നും പെർത്ത് വിമാനത്താവളത്തിന്റെ ചീഫ് കൊമേഴ്‌സ്യൽ ആൻഡ് ഏവിയേഷൻ ഓഫീസർ കേറ്റ് ഹോൾസ്‌ഗ്രോവ് പറഞ്ഞു.
നിലവിൽ പെർത്ത് - ടോക്കിയോ (നരിറ്റ) റൂട്ടിൽ ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തുന്ന ഓൾ നിപ്പോൺ എയർവേയ്‌സ്, ഈ കാലയളവിൽ ദിവസേനയുള്ള സർവീസായി ഉയർത്താനുള്ള തീരുമാനം ബിസിനസ്, വിനോദ സഞ്ചാരികൾക്കാണ് ഏറ്റവും പ്രയോജനപ്പെടുക. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഒമ്പതാമത്തെ വലിയ അന്താരാഷ്ട്ര സന്ദർശക വിപണിയാണ് ജപ്പാൻ, 2025 മാർച്ചിൽ അവസാനിച്ച വർഷത്തിൽ സന്ദർശക ചെലവിൽ വെസ്റ്റേൺ ഓസ്ട്രേലിലയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 127 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ആണ് ജപ്പാനിൽ നിന്ന് ലഭിച്ചത്.
ബിസിനസ്, പ്രീമിയം ഇക്കണോമി, ഇക്കണോമി ക്ലാസ് ക്യാബിനുകൾ ഉൾക്കൊള്ളുന്ന ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് ഓൾ നിപ്പോൺ എയർവേയ്‌സ് നോൺസ്റ്റോപ്പ് ടോക്കിയോ (നരിറ്റ), പെർത്ത് രൂട്ടിൽ സർവീസ് നടത്തുന്നത്.
ബിസിനസ് ക്ലാസ് സീറ്റുകൾ 1-2-1 ലൈ-ഫ്ലാറ്റ് കോൺഫിഗറേഷനിലാണ് വരുന്നത്, പ്രീമിയം ഇക്കണോമിയിൽ 2-3-2 റിക്ലൈനറുകളും 3-3-3 ലേഔട്ടിൽ ഇക്കണോമി ക്ലാസും ഉൾപ്പെടുന്നു.