Australia

കോവിഡ് ട്രാവൽ ക്രെഡിറ്റുകളുടെ കാലാവധി നീട്ടി വിർജിൻ ഓസ്ട്രേലിയ

പുതിയ തീരുമാനപ്രകാരം, യാത്രക്കാർ 2026 ജൂൺ 30-നകം ബുക്കിംഗ് നടത്തിയാൽ മതി, യാത്രകൾ 2027 മെയ് അവസാനം വരെ നടത്താം.

Safvana Jouhar

കോവിഡ് കാലത്ത് യാത്രകൾ റദ്ദാക്കിയ യാത്രക്കാർക്ക് നൽകിയിരുന്ന ട്രാവൽ ക്രെഡിറ്റുകളുടെ ഉപയോഗ കാലാവധി നീട്ടി വിർജിൻ ഓസ്ട്രേലിയ. ഉപഭോക്താക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിമർശനങ്ങൾക്ക് പിന്നാലെയാണ് വിമാനക്കമ്പനി തീരുമാനം മാറ്റിയത്. മുൻ നിബന്ധനപ്രകാരം, 2020 ഏപ്രിൽ 21 മുതൽ 2022 ജൂലൈ 31 വരെ നൽകിയ കോവിഡ് ട്രാവൽ ക്രെഡിറ്റുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന യാത്രകളും 2026 ജൂൺ 30-നകം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം, യാത്രക്കാർ 2026 ജൂൺ 30-നകം ബുക്കിംഗ് നടത്തിയാൽ മതി, യാത്രകൾ 2027 മെയ് അവസാനം വരെ നടത്താം.

വിർജിൻ ഓസ്ട്രേലിയയുടെ കണക്കുകൾ പ്രകാരം കോവിഡ് കാലത്ത് നൽകിയ 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള ക്രെഡിറ്റുകളിൽ 90 ശതമാനത്തിലധികം ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. എന്നിരുന്നാലും ഏകദേശം 93 മില്യൺ ഡോളർ മൂല്യമുള്ള ക്രെഡിറ്റുകൾ ഇപ്പോഴും ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. "ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകാനാണ് ഈ കാലാവധി നീട്ടൽ," എന്ന് Virgin Australia സിഇഒ ഡേവ് എമേഴ്സൺ പറഞ്ഞു. ശേഷിക്കുന്ന ക്രെഡിറ്റുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ അറിയിക്കുന്ന നടപടികളും ശക്തമാക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഉപയോഗിക്കാത്ത ക്രെഡിറ്റുകൾക്ക് പണം തിരികെ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കളും ഉപഭോക്തൃ സംഘടനകളും ഈ തുക യാത്രക്കാരുടെ പണമാണെന്നും അത് വിമാനക്കമ്പനിക്ക് സ്വന്തമാക്കാനാവില്ലെന്നും വാദിക്കുന്നു.

SCROLL FOR NEXT