(Joe Armao)
Victoria

വിക്ടോറിയയിൽ ടോൾ നിരക്ക് ആഴ്ചയിൽ 30 ഡോളറായി പരിമിതപ്പെടുത്തും; ലേബറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

191 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ വാഹനയുടമകൾക്ക് പ്രതിവർഷം 5,000 ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് ലേബറിന്റെ കണക്ക്.

Safvana Jouhar

വിക്ടോറിയയിലെ റോഡ് ടോൾ നിരക്ക് ആഴ്ചയിൽ പരമാവധി 30 ഡോളറായി പരിമിതപ്പെടുത്തുമെന്ന് ലേബർ പാർട്ടി. ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. വീണ്ടും അധികാരത്തിലെത്തിയാൽ 2027 ജനുവരി ഒന്നുമുതൽ പദ്ധതി നടപ്പാക്കുമെന്ന് പ്രീമിയർ ബെൻ കരോൾ ഞായറാഴ്ച അറിയിച്ചു. 191 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ വാഹനയുടമകൾക്ക് പ്രതിവർഷം 5,000 ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് ലേബറിന്റെ കണക്ക്. നിലവിൽ വിക്ടോറിയയിൽ ആഴ്ചയിലെ ടോൾ ചെലവിന് പരിധിയില്ല. ആഴ്ചയിൽ 30 ഡോളറിലധികം ടോൾ അടയ്ക്കുന്നവർക്ക് അധികമായി നൽകിയ തുക തിരികെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി. സർവീസ് വിക്ടോറിയ ആപ്പ് വഴി ഓരോ മൂന്ന് മാസത്തിലൊരിക്കലും റീഫണ്ടിന് അപേക്ഷിക്കാം. ആഴ്ചയിൽ പരമാവധി 350 ഡോളർ വരെയും വർഷത്തിൽ 5,000 ഡോളർ വരെയുമാണ് റീഫണ്ടിന്റെ പരിധി.

Victorian Premier Ben Carroll

കാർ, യൂട്ടിലിറ്റി വാഹനം, വാൻ, മോട്ടോർസൈക്കിൾ എന്നിവ ഉപയോഗിക്കുന്നവർക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കരോൾ പറഞ്ഞു. മെൽബണിലെ സിറ്റിലിങ്ക്, ഈസ്റ്റ്ലിങ്ക്, വെസ്റ്റ് ഗേറ്റ് ടണൽ എന്നിവിടങ്ങളിലാണ് വാഹനയാത്രക്കാർ ടോൾ നൽകുന്നത്. ടോൾ ചെലവ് താങ്ങാൻ ബുദ്ധിമുട്ടുന്നവർക്ക് ഈ പദ്ധതി ഹ്രസ്വകാല ആശ്വാസമാകുമെന്ന് റോഡ്‌സ് മന്ത്രി പോൾ ഹാമർ പറഞ്ഞു. ദീർഘകാലത്തേക്ക് ഇത്തരമൊരു സംവിധാനം നിലനിർത്തുന്നത് സുസ്ഥിരമല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ നിർദേശം ആഴ്ചയിൽ 50 ഡോളർ

ഓഗസ്റ്റിൽ സഖ്യകക്ഷികൾ പ്രഖ്യാപിച്ച പദ്ധതിയിൽ ടോൾ നിരക്ക് ആഴ്ചയിൽ 50 ഡോളറായി പരിമിതപ്പെടുത്താനാണ് നിർദേശം. 180 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2027 ജൂലൈയിൽ ആരംഭിക്കുമെന്നും ഓരോ വാഹനത്തിനും പ്രതിവർഷം 3,000 ഡോളർ വരെ ലാഭിക്കാനാകുമെന്നും സഖ്യം അവകാശപ്പെടുന്നു. ഇരു പാർട്ടികളുടെയും പദ്ധതികൾ പ്രകാരം ഇ-ടാഗ് ഇല്ലാത്ത വാഹനയുടമകൾക്ക് ടോൾ ബില്ലുകൾ തപാൽ വഴി അയയ്ക്കുന്നതിനുള്ള 16 ഡോളർ ഫീസ് ഒഴിവാക്കും. അതേസമയം വിക്ടോറിയയിലെ റോഡ് ടോൾ സംബന്ധിച്ച നയം വൺ നേഷൻ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT