പ്രീമിയർ ബെൻ കരോൾ  (Photograph: Christopher Hopkins/AAP)
Victoria

വിക്ടോറിയയിൽ എല്ലാവർക്കും സൗജന്യ ദന്തചികിത്സ; 10 പബ്ലിക് ഡെന്റൽ ക്ലിനിക്കുകൾ പ്രഖ്യാപിച്ച് ലേബർ

ഇത് ഓസ്ട്രേലിയയിൽ ഒരു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആദ്യത്തെ സമഗ്ര സൗജന്യ ഡെന്റൽ കെയർ പദ്ധതിയാണെന്ന് കരോൾ പറഞ്ഞു.

Safvana Jouhar

മെൽബൺ: വിക്ടോറിയയിൽ ദന്തപരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി ലേബർ സർക്കാർ. നവംബറിൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രീമിയർ ബെൻ കരോൾ പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 10 പബ്ലിക് ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കും. തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ 230 മില്യൺ ഡോളർ ചെലവഴിച്ച് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ലേബർ അറിയിച്ചു. പരിശോധനകൾക്ക് പുറമെ ഫില്ലിംഗ്, റൂട്ട് കനാൽ ചികിത്സ, പല്ല് നീക്കം ചെയ്യൽ തുടങ്ങിയ ചികിത്സകളും ഇവിടെ സൗജന്യമായി ലഭ്യമാക്കും. ഇത് ഓസ്ട്രേലിയയിൽ ഒരു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആദ്യത്തെ സമഗ്ര സൗജന്യ ഡെന്റൽ കെയർ പദ്ധതിയാണെന്ന് കരോൾ പറഞ്ഞു. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് നൽകുന്ന ദീർഘകാല സാമ്പത്തിക പിന്തുണയായാണ് പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. “എല്ലാ വിക്ടോറിയക്കാർക്കും സൗജന്യ ദന്തചികിത്സ നൽകുക ലേബറിന് മാത്രമേ സാധിക്കൂ,” കരോൾ പറഞ്ഞു. സംസ്ഥാനത്തെ അർജന്റ് കെയർ ക്ലിനിക്കുകൾക്ക് സമാനമായ രീതിയിലായിരിക്കും പുതിയ ഡെന്റൽ ക്ലിനിക്കുകളെന്നും ആരോഗ്യ മന്ത്രി ഇൻഗ്രിഡ് സ്റ്റിറ്റ് പറഞ്ഞു. ബാങ്ക് ബാലൻസോ താമസിക്കുന്ന സ്ഥലമോ അനുസരിച്ച് ദന്തചികിത്സ ലഭിക്കണമെന്ന സാഹചര്യം മാറണമെന്നും അവർ വ്യക്തമാക്കി.

10 ക്ലിനിക്കുകളിൽ ഏഴെണ്ണം മെൽബണിലും മൂന്നെണ്ണം റീജിയണൽ വിക്ടോറിയയിലുമായിരിക്കും. നിലവിൽ ദന്തചികിത്സാ സേവനങ്ങളുടെ കുറവുള്ള പ്രദേശങ്ങൾക്കാണ് മുൻഗണന നൽകുക. ക്ലിനിക്കുകൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ രാത്രി 9 വരെയും, വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പ്രവർത്തിക്കും. അപ്പോയിന്റ്മെന്റ് മുൻകൂട്ടി എടുക്കാതെ നേരിട്ട് എത്തി ചികിത്സ തേടാൻ കഴിയുന്ന walk-in സംവിധാനമായിരിക്കും. അടിയന്തര ആവശ്യങ്ങളുള്ളവർക്ക് മുൻഗണന നൽകും. പല്ലുവേദന, വീക്കം, അപകടത്തെ തുടർന്നുള്ള പരിക്ക് തുടങ്ങിയ സാഹചര്യങ്ങളിലുള്ളവർക്കായിരിക്കും പ്രധാന പരിഗണന. പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിവർഷം ഒരു ലക്ഷത്തിലധികം വിക്ടോറിയക്കാർക്ക് ഈ ക്ലിനിക്കുകളിലൂടെ ചികിത്സ നൽകാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

ഓസ്ട്രേലിയയിൽ ദന്തചികിത്സ ചെലവേറിയതാകുന്നു

നിലവിൽ ഓസ്ട്രേലിയയിലെ ഭൂരിഭാഗം മുതിർന്നവർക്കും Medicare വഴി സാധാരണ ദന്തചികിത്സ ലഭ്യമല്ല. കുട്ടികൾ, യുവാക്കൾ, Aboriginal and Torres Strait Islander ജനവിഭാഗങ്ങൾ, concession card ഉള്ളവർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്കാണ് നിലവിൽ സൗജന്യമോ കുറഞ്ഞ ചെലവിലോ ചികിത്സ ലഭിക്കുന്ന പ്രധാന വിഭാഗങ്ങൾ. Australian Institute of Health and Welfare കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ പ്രതിവർഷം 12 ബില്യൺ ഡോളറിലധികം ദന്തചികിത്സയ്ക്കായി ചെലവഴിക്കുന്നു. ഇതിൽ ഏകദേശം 61 ശതമാനം നേരിട്ട് രോഗികളാണ് വഹിക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് ഫണ്ടുകൾ 19 ശതമാനവും ഫെഡറൽ സർക്കാർ 11 ശതമാനവും സംസ്ഥാന സർക്കാരുകൾ 8 ശതമാനവും വഹിക്കുന്നു.

ദന്തചികിത്സയുടെ ഉയർന്ന ചെലവ് കാരണം ചികിത്സ വൈകിപ്പിക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായി വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2025ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ഗ്രീൻസ് മുതിർന്നവരുടെ ദന്തചികിത്സ Medicare-ൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. പത്ത് വർഷത്തേക്ക് 195 ബില്യൺ ഡോളർ ചെലവ് വരുമെന്നായിരുന്നു പദ്ധതിയുടെ കണക്ക്.

വിക്ടോറിയയിൽ പുതിയ ഡെന്റൽ ക്ലിനിക്കുകളുടെ പ്രഖ്യാപനം സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ലേബർ പാർട്ടി കൂടുതൽ ശക്തമായി കടക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഈ ഡെന്റൽ നയം നിലവിലെ പ്രീമിയർ ബെൻ കരോളിന്റെ നേതൃത്വത്തിൽ മാത്രം രൂപപ്പെടുത്തിയതല്ലെന്നും മുൻ പ്രീമിയർ ജസീന്ത അലനും അവരുടെ സംഘവും ചേർന്നാണ് പദ്ധതി വികസിപ്പിച്ചതെന്നും ലേബർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

SCROLL FOR NEXT