വിക്ടോറിയ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം തുടർച്ചയായി ഉയരുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ ഉണ്ടായിട്ടും, മോഷണവും കുടുംബപീഡനവുമായി ബന്ധപ്പെട്ട കേസുകളിലെ വർധനയാണ് ആകെ കുറ്റനിരക്ക് ഉയരാൻ പ്രധാന കാരണം.
ക്രൈം സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി (CSA)യുടെ സെപ്റ്റംബർ 30 വരെയുള്ള ഈ വർഷത്തെ കണക്കുകൾ പ്രകാരം, രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ 12 മാസത്തിനിടെ 9 ശതമാനം വർധിച്ചു. അതേസമയം, മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം 10.8 ശതമാനം കൂടി.
കുറ്റനിരക്കിലെ വർധനയ്ക്ക് പ്രധാന കാരണം മോഷണകേസുകളാണ്. ഒരു വർഷത്തിനിടെ 37,000-ത്തിലധികം മോഷണസംഭവങ്ങൾ കൂടി രേഖപ്പെടുത്തി. സെപ്റ്റംബറിൽ പുറത്തിറക്കിയ മുൻ കണക്കുകൾ വിക്ടോറിയയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഭവങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ പ്രവണത തുടരുകയാണെന്നും, കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലാണ് കുറ്റകൃത്യങ്ങൾ എത്തിയിരിക്കുന്നതെന്നും CSA റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി മാർച്ചിൽ അലൻ സർക്കാർ ജാമ്യനിയമങ്ങൾ കർശനമാക്കി, പ്രത്യേകിച്ച് ഗുരുതര യുവകുറ്റവാളികളെ ലക്ഷ്യമിട്ടായിരുന്നു നടപടി. സെപ്റ്റംബർ ആരംഭത്തിൽ പ്രാബല്യത്തിൽ വന്ന മാച്ചറ്റി (വാൾ) നിരോധനവും ഇതിന്റെ ഭാഗമാണ്.
കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പുതിയ കണക്കുകൾ റിപ്പോർട്ടിലില്ലെങ്കിലും, ഈ വർഷം ഇതുവരെ 16,000-ത്തിലധികം മൂർച്ചയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു,
റീട്ടെയിൽ കടകളിൽ നിന്നുള്ള മോഷണം 28.5 ശതമാനം വർധിച്ചതാണ് മോഷണകേസുകളുടെ വർധനയ്ക്ക് പ്രധാന കാരണം. ആകെ മോഷണസംഭവങ്ങൾ റിപ്പോർട്ട് കാലയളവിൽ 24.4 ശതമാനം ഉയർന്നു.
കുടുംബപീഡനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ 3.2 ശതമാനം വർധിച്ചു. സംസ്ഥാനത്തുടനീളം 1,05,000-ത്തിലധികം കുടുംബപീഡന കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016നുശേഷം കുടുംബപീഡനവുമായി ബന്ധപ്പെട്ട ഗുരുതര ആക്രമണങ്ങൾ ഏറ്റവും ഉയർന്ന നിലയിലെത്തിയതായും CSA ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ ഫിയോണ ഡൗസ്‌ലി പറഞ്ഞു. 2024 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന ‘കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കൽ’ എന്ന പുതിയ കുറ്റവ്യവസ്ഥയും വർധനയ്ക്ക് കാരണമായതായി അവർ വ്യക്തമാക്കി.