മെൽബൺ: H5 പക്ഷിപ്പനിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഓസ്‌ട്രേലിയയിൽ ആയിരക്കണക്കിന് ലിറ്റിൽ പെൻഗ്വിനുകൾക്ക് വാക്സിൻ നൽകുന്ന വൻ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു. വിക്ടോറിയയിലെ ഫിലിപ്പ് ഐലൻഡിലും മെൽബണിലെ സെന്റ് കിൽഡയിലുമുള്ള 5,000 വരെ ലിറ്റിൽ പെൻഗ്വിനുകൾക്കാണ് വാക്സിൻ നൽകുന്നത്. തിങ്കളാഴ്ച ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഓരോ പെൻഗ്വിനും രണ്ട് ഡോസ് വാക്സിൻ നൽകും. വാക്സിനേഷൻ കൂടാതെ പക്ഷികളുടെ ആരോഗ്യ പരിശോധന, ശരീരഭാരം രേഖപ്പെടുത്തൽ, മൈക്രോചിപ്പ് ഘടിപ്പിക്കൽ തുടങ്ങിയ നടപടികളും നടക്കുമെന്ന് വിക്ടോറിയൻ സർക്കാർ അറിയിച്ചു.
“ഏവിയൻ ഇൻഫ്ലുവൻസയുടെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് നമ്മുടെ ലിറ്റിൽ പെൻഗ്വിനുകളെ സംരക്ഷിക്കുന്നതിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണിത്,” ഓഗസ്റ്റ് 12ന് പദ്ധതി പ്രഖ്യാപിക്കുമ്പോൾ പരിസ്ഥിതി മന്ത്രി ജാക്ലിൻ സൈംസ് പറഞ്ഞു. ഓഗസ്റ്റ് 15ന് ഫിലിപ്പ് ഐലൻഡിൽ ചത്ത നിലയിൽ കണ്ടെത്തിയ ഒരു ലിറ്റിൽ പെൻഗ്വിന് H5 വൈറസ് സ്ഥിരീകരിച്ചിരുന്നു. ദ്വീപിൽ ഈ ഇനത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിത്. ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിൻ ഇനമായ ലിറ്റിൽ പെൻഗ്വിനുകളുടെ ഏകദേശം 40,000 എണ്ണം ഫിലിപ്പ് ഐലൻഡിലുണ്ട്. വലിയ കൂട്ടങ്ങളായി ഇവ ഒരുമിച്ചുകൂടുന്ന സ്വഭാവവും കോളനിയുടെ വലുപ്പവും സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വാക്സിനേഷൻ പ്രധാന പ്രതിരോധ മാർഗമാണെങ്കിലും വൈറസ് ബാധയിൽ നിന്ന് പൂർണ സംരക്ഷണം നൽകാൻ ഇതിന് കഴിയില്ലെന്ന് വിക്ടോറിയ ചീഫ് വെറ്ററിനറി ഓഫീസർ ഗ്രെയിം കുക്ക് പറഞ്ഞു. വന്യപക്ഷികൾക്ക് വാക്സിൻ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായിരിക്കാം ഇതെന്നാണ് വിക്ടോറിയൻ സർക്കാർ വിശേഷിപ്പിച്ചത്.
വെറ്ററിനറി വിദഗ്ധരുടെയും വന്യജീവി സംരക്ഷണ വിദഗ്ധരുടെയും സഹകരണത്തോടെ Phillip Island Nature Parks ആണ് വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്നത്. H5 പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ലിറ്റിൽ പെൻഗ്വിൻ ജനസംഖ്യയെ സംരക്ഷിക്കുന്നതിനുള്ള നിർണായക നീക്കമായാണ് അധികൃതർ പദ്ധതിയെ കാണുന്നത്.