വൺ നേഷൻ സ്ഥാനാർഥി മാത്യു കോളിൻസ്  (One Nation)
Victoria

സോഷ്യൽ മീഡിയ പരാമർശങ്ങൾ; വിക്ടോറിയൻ തിരഞ്ഞെടുപ്പിന് 27 ദിവസം മുമ്പ് വൺ നേഷൻ സ്ഥാനാർഥി രാജിവച്ചു

താൻ നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും അതിൽ ഖേദിക്കുന്നുവെന്നും കോളിൻസ് പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോഴത്തെ തന്റെ വ്യക്തിത്വത്തെ അവ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Safvana Jouhar

വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിന് നാലാഴ്ച മാത്രം ശേഷിക്കെ, മെൽബൺ മണ്ഡലത്തിലെ വൺ നേഷൻ സ്ഥാനാർഥി മാത്യു കോളിൻസ് സ്ഥാനാർഥിത്വം രാജിവച്ചു. മുൻകാലങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ വിവാദ പരാമർശങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് 35-കാരനായ കോളിൻസിന്റെ നടപടി. ലൈംഗികച്ചുവയുള്ളതും ഇസ്‌ലാമോഫോബിക് സ്വഭാവമുള്ളതുമായ പരാമർശങ്ങളാണ് കോളിൻസിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. പരാമർശങ്ങൾ അംഗീകരിക്കാനാകാത്തതും അപകീർത്തികരവുമാണെന്ന് വ്യക്തമാക്കിയ വൺ നേഷൻ വിക്ടോറിയ ഘടകം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.

താൻ നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും അതിൽ ഖേദിക്കുന്നുവെന്നും കോളിൻസ് പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോഴത്തെ തന്റെ വ്യക്തിത്വത്തെ അവ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിയോടെ ഗ്രീൻസ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള മെൽബൺ മണ്ഡലത്തിൽ വൺ നേഷന് സ്ഥാനാർഥിയില്ലാതായി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 9 ഉച്ചയ്ക്ക് 12 മണിയാണെന്ന് വിക്ടോറിയൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ദി സിഡ്‌നി മോണിങ് ഹെറാൾഡ്, ദി ഏജ് എന്നിവയ്ക്കായി റിസോൾവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സർവേയിൽ വൺ നേഷൻ തിരഞ്ഞെടുപ്പിൽ നിർണായക സാന്നിധ്യമാകുന്നതായാണ് സൂചന. സർവേ പ്രകാരം പ്രാഥമിക വോട്ടിൽ കോയലിഷന് 28 ശതമാനവും ലേബറിന് 25 ശതമാനവും വൺ നേഷന് 23 ശതമാനവും ഗ്രീൻസിന് 12 ശതമാനവുമാണ് പിന്തുണ. ലിബറൽ പാർട്ടി നേതാവ് ജെസ് വിൽസണും ലേബർ നേതാവ് ബെൻ കരോളും തമ്മിലുള്ള പ്രീമിയർ സ്ഥാനത്തേക്കുള്ള മുൻഗണനാ സർവേയിലും വിൽസണാണ് മുന്നിൽ. വിൽസണിന് 28 ശതമാനവും കരോളിന് 20 ശതമാനവുമാണ് പിന്തുണ. തിരഞ്ഞെടുപ്പ് മാസത്തിന്റെ ആദ്യദിനം തന്നെ പ്രധാന പാർട്ടികൾ പ്രചാരണം ശക്തമാക്കി. കൂടുതൽ സൗജന്യ ദന്തചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന വാഗ്ദാനവുമായി ലേബറും തൊഴിലാളികളുടെ സംരക്ഷണവും പൊലീസിന്റെ അധികാരശേഷി വർധിപ്പിക്കലും മുൻനിർത്തി കോയലിഷനും രംഗത്തെത്തി. ഗ്രീൻസ് പാർട്ടി റിച്ച്മണ്ട് മേഖലയിൽ വീടുകയറിയുള്ള പ്രചാരണവും ആരംഭിച്ചു.

SCROLL FOR NEXT