2019-20 കാലഘട്ടത്തിലെ ഓസ്ട്രേലിയയിലെ 'ബ്ലാക്ക് സമ്മർ' കാട്ടുതീയ്ക്കുശേഷം ഈസ്റ്റ് വിക്ടോറിയയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് അപൂർവമായ ഒരു കാഴ്ചയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും അപൂർവമായി കാണപ്പെടുന്ന ഉഭയജീവികളിലൊന്നായ തെക്കൻ ഭീമൻ മാളത്തവളയുടെ (Southern Giant Burrowing Frog) നിരവധി തവളക്കുഞ്ഞുങ്ങളെയാണ് തീപിടിത്തം ബാധിച്ച ഈസ്റ്റ് ഗിപ്സ്ലൻഡ് മേഖലയിൽ കണ്ടെത്തിയത്. കാട്ടുതീ ഈസ്റ്റ് ഗിപ്സ്ലൻഡിലെ വിശാലമായ വനമേഖലകളെ നശിപ്പിച്ചതോടെ വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. വിക്ടോറിയയിൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഈ തവള ഉൾപ്പെട്ടിരിക്കുന്നത്. തുടർന്ന് 160-ഓളം തവളക്കുഞ്ഞുങ്ങളെ ശേഖരിച്ച് മെൽബൺ മൃഗശാലയിലെത്തിച്ചു. അവിടെ പ്രത്യേക പരിചരണത്തിലൂടെ വളർത്തി തവളകളാക്കി മാറ്റി. കഴിഞ്ഞ വർഷം ആദ്യമായി ഇവയെ തടവിലുള്ള സാഹചര്യത്തിൽ വിജയകരമായി പ്രജനനം നടത്താനും സാധിച്ചു.
ആറ് വർഷത്തിലേറെ നീണ്ട സംരക്ഷണശ്രമങ്ങൾക്കൊടുവിൽ, ആദ്യം ശേഖരിച്ച കുഞ്ഞുങ്ങളിൽനിന്ന് വളർന്ന 53 ആൺതവളകളെയാണ് ഇപ്പോൾ ഈസ്റ്റ് വിക്ടോറിയയിലെ വിദൂര വനമേഖലയിൽ തിരിച്ചെത്തിച്ചത്. ഏകദേശം അഞ്ച് വയസ്സുള്ളവയാണ് ഇവ. ക്രിക്കറ്റ് പന്തിന്റെ വലുപ്പം വരെ വളരുന്ന ഈ ഭീമൻ തവളകൾക്ക് ദീർഘായുസ്സുണ്ടെന്നാണ് കരുതുന്നത്. 20 വർഷത്തിലധികം ജീവിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് ഇനം സംബന്ധിച്ച് പഠനം നടത്തുന്ന സ്നോലൈൻ ഇക്കോളജിയിലെ ഹെർപറ്റോളജിസ്റ്റ് മാറ്റ് ക്ലാൻസി പറഞ്ഞു. വലിയ വലുപ്പമുള്ളതിനാൽ എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന് തോന്നുമെങ്കിലും ഇവയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മണൽ കലർന്ന മണ്ണിനടിയിലും വനമേഖലകളിലുമാണ്. മഴ ലഭിക്കുന്നതുവരെ മണ്ണിനടിയിൽ അനങ്ങാതെ കഴിയുന്ന ഇവ, അനുകൂല കാലാവസ്ഥയുണ്ടാകുമ്പോഴാണ് പുറത്തുവരുന്നതെന്നും ക്ലാൻസി വിശദീകരിച്ചു.
താൽക്കാലിക അരുവികളിലും കുളങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. തവളക്കുഞ്ഞുങ്ങൾ വളർന്ന് തവളകളാകാൻ മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ വേണ്ടിവരും. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ശക്തമായ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചതിനു പിന്നാലെയാണ് 53 തവളകളെയും വനമേഖലയിൽ തുറന്നുവിട്ടത്. 80 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിച്ച പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. തടവിലുള്ള പ്രജനന പദ്ധതിക്ക് അനുയോജ്യമല്ലാത്ത ചില തവളകളെയാണ് വനത്തിലേക്ക് തിരിച്ചയച്ചതെന്ന് സൂസ് വിക്ടോറിയയിലെ ആംഫിബിയൻ വിഭാഗം വിദഗ്ധനായ റയാൻ മോസ് പറഞ്ഞു. ആദ്യം ശേഖരിച്ച എല്ലാ തവളക്കുഞ്ഞുങ്ങളുടെയും ജനിതക പരിശോധന നടത്തിയിരുന്നു. പ്രജനന പദ്ധതിയിൽ അടുത്ത ബന്ധമുള്ള തവളകൾ തമ്മിൽ ഇണചേരുന്നത് ഒഴിവാക്കേണ്ടതിനാലാണ് ചിലതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വനത്തിലേക്ക് തുറന്നുവിടുന്നതിന് മുമ്പ് ഓരോ തവളയ്ക്കും തിരിച്ചറിയൽ ടാഗ് ഘടിപ്പിച്ചു. ഇവയുടെ ശബ്ദം തിരിച്ചറിയുന്നതിനായി പ്രത്യേക ഉപകരണങ്ങളും പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ തവളക്കുഞ്ഞുങ്ങളെ ശേഖരിച്ചുള്ള സംരക്ഷണപ്രവർത്തനങ്ങൾ തുടരാനും പദ്ധതിയുണ്ട്.
2021-ൽ ഭീമൻ മാളത്തവളകളെ വടക്കൻ, തെക്കൻ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളായി വേർതിരിച്ചിരുന്നു. ആവാസവ്യവസ്ഥയുടെ നാശവും അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും ഇവയുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുള്ള ശക്തമായ കാട്ടുതീ, വരൾച്ച, മഴയുടെ കുറവ് എന്നിവയും ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വിക്ടോറിയയിൽ തെക്കൻ ഭീമൻ മാളത്തവളയുടെ പ്രജനനം നടക്കുന്ന അഞ്ച് കേന്ദ്രങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഈ വന്യജീവി സമൂഹങ്ങളെ ആരോഗ്യകരമായി നിലനിർത്തി വംശനാശത്തിൽനിന്ന് സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.