Accused killer Greg Lynn  ( Joe Armao)
Victoria

ക്യാമ്പർ കൊലക്കേസ്: ഗ്രെഗ് ലിന്നിന് ജാമ്യമില്ല; വീണ്ടും വിചാരണ നേരിടും

ജയിലിലെ സാഹചര്യങ്ങളും ഇതുവരെ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു ലിന്നിന്റെ ആവശ്യം.

Safvana Jouhar

വിക്ടോറിയ ഹൈകൺട്രിയിൽ ക്യാമ്പിങ്ങിനിടെ കരോൾ ക്ലേയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ മുൻ പൈലറ്റ് ഗ്രെഗ് ലിന്നിന് ജാമ്യം നിഷേധിച്ച് വിക്ടോറിയ സുപ്രീംകോടതി. 60കാരനായ ലിൻ, 2020ൽ 73കാരിയായ കരോൾ ക്ലേയെ കൊലപ്പെടുത്തിയെന്ന കേസിൽ വീണ്ടും വിചാരണ നേരിടാനിരിക്കെയാണ് ജാമ്യാപേക്ഷ തള്ളിയത്. 2024ൽ കരോൾ ക്ലേയുടെ കൊലപാതകത്തിൽ ലിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ക്ലേയുടെ സുഹൃത്തും യാത്രാസഹചാരിയുമായ റസ്സൽ ഹില്ലിന്റെ കൊലപാതകക്കേസിൽ ഇയാളെ വെറുതെവിട്ടു. തുടർന്ന് 32 വർഷത്തെ തടവുശിക്ഷ വിധിക്കുകയും 24 വർഷം പരോൾ ലഭിക്കാത്ത കാലയളവായി നിശ്ചയിക്കുകയും ചെയ്തു.

എന്നാൽ, താൻ നിരപരാധിയാണെന്നും സംഭവം അപകടവശാൽ സംഭവിച്ചതാണെന്നുമാണ് ലിൻ തുടർച്ചയായി വാദിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകിയതിനെത്തുടർന്ന് 2025ൽ വിക്ടോറിയ കോടതി ഓഫ് അപ്പീലിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ബെഞ്ച് ശിക്ഷാവിധി റദ്ദാക്കി. കേസിൽ വീണ്ടും വിചാരണ നടത്താനും ഉത്തരവിട്ടു. ജയിലിലെ സാഹചര്യങ്ങളും ഇതുവരെ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു ലിന്നിന്റെ ആവശ്യം. എന്നാൽ, കസ്റ്റഡിയിൽ കഴിഞ്ഞ അഞ്ചുവർഷം ജാമ്യം അനുവദിക്കാൻ മതിയായ അസാധാരണ സാഹചര്യമല്ലെന്ന് ചീഫ് ജസ്റ്റിസ് റിച്ചാർഡ് നിയാൽ നിരീക്ഷിച്ചു.

കഴിഞ്ഞയാഴ്ച കോടതിയിൽ മൊഴി നൽകുന്നതിനിടെ ജയിലിലെ ജീവിതസാഹചര്യങ്ങളെ ലിൻ രൂക്ഷമായി വിമർശിച്ചിരുന്നു. അവിടുത്തെ നിയന്ത്രണങ്ങളെ “അങ്ങേയറ്റം കർക്കശമായത്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൂട്ടിലടച്ച ഗ്രേഹൗണ്ട് നായയെപ്പോലെയാണ് കഴിയുന്നതെന്നും പറഞ്ഞു. മറ്റ് തടവുകാരിൽനിന്ന് പലതവണ ആക്രമണം നേരിട്ടതായും ലിൻ ആരോപിച്ചു. മനുഷ്യവിസർജ്യവും ശരീരദ്രവങ്ങളും നിറച്ച പാൽക്കുപ്പി തനിക്കുനേരെ എറിഞ്ഞ സംഭവവും ഉണ്ടായതായി അദ്ദേഹം കോടതിയിൽ പറഞ്ഞു.

ബുധനാഴ്ച ജാമ്യാപേക്ഷ തള്ളിയപ്പോൾ ലിൻ കാര്യമായി പ്രതികരിച്ചില്ല. മകൻ ജോർഡിയെ അഭിവാദ്യം ചെയ്തതൊഴിച്ചാൽ കോടതിയിൽ സംസാരിച്ചില്ല. വിധി കേട്ടശേഷം തോളുയർത്തുക മാത്രമാണ് ചെയ്തത്. മകൻ ജോർഡി 70,000 ഓസ്‌ട്രേലിയൻ ഡോളറിന്റെ ജാമ്യത്തുക ഉറപ്പായി നൽകാമെന്നും ജാമ്യം ലഭിച്ചാൽ പിതാവ് തന്നോടൊപ്പം താമസിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും കോടതി അപേക്ഷ അംഗീകരിച്ചില്ല. വിധിക്കുശേഷം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കാനും ജോർഡി തയ്യാറായില്ല. ലിന്നിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയാണിതെന്ന് കോടതി വ്യക്തമാക്കി. പുനർവിചാരണ നടക്കുന്നതുവരെ ഇയാൾ കസ്റ്റഡിയിൽ തുടരും. അടുത്ത വർഷം മേയിൽ, അതായത് 2027 മേയിൽ, വീണ്ടും വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT