ടാസ്മാനിയൻ ട്രഷറർ എറിക് അബെറ്റ്‌സ് 
Tasmania

പൊലീസുകാർക്ക് ജോലിഭാരം കൂടുതൽ; ടാസ്മാനിയൻ ട്രഷററുടെ പരാമർശം വിവാദത്തിൽ

സർക്കാർ സർവീസിലെ എല്ലാ വിഭാഗം ജീവനക്കാരെയും ഒരുപോലെ വിലമതിക്കുന്നുവെന്ന് മുഖ്യമന്ത്രി ജെറമി റോക്ലിഫ്

Elizabath Joseph

മറ്റ് സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് പൊലീസുകാർക്ക് കൂടുതൽ പ്രയാസകരമായ ജോലിയാണെന്ന ടാസ്മാനിയൻ ട്രഷറർ എറിക് അബെറ്റ്‌സിന്റെ പരാമർശം നിയമസഭയുടെ ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മാസങ്ങളായി തുടരുന്ന ശമ്പള പരിഷ്കരണ തർക്കങ്ങൾക്കിടെ ട്രഷറർ നടത്തിയ ഈ പ്രസ്താവന മറ്റ് സർക്കാർ ജീവനക്കാർക്കിടയിൽ അതൃപ്തി വർദ്ധിപ്പിച്ചതായി പ്രതിപക്ഷ നേതാവ് ജോഷ് വില്ലി ആരോപിച്ചു. ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, ചൈൽഡ് സേഫ്റ്റി സ്റ്റാഫ് എന്നിവരേക്കാൾ കഠിനമാണോ പൊലീസുകാരുടെ ജോലിയെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു.

സർക്കാർ സർവീസിലെ എല്ലാ വിഭാഗം ജീവനക്കാരെയും ഒരുപോലെ വിലമതിക്കുന്നുവെന്ന് മുഖ്യമന്ത്രി ജെറമി റോക്ലിഫ് മറുപടി നൽകി. ഡോക്ടർമാർ, അഗ്നിശമന സേനാംഗങ്ങൾ, പൊലീസുകാർ എന്നിവരുമായി നിലവിൽ ഉണ്ടാക്കിയ ശമ്പള കരാറുകൾ ഇതിന് തെളിവാണ്. മൂന്ന് വർഷത്തേക്ക് യഥാക്രമം 3%, 3%, 2.75% എന്നിങ്ങനെ ശമ്പള വർദ്ധനവ് നൽകാനാണ് പൊലീസുകാരുമായി ധാരണയിലെത്തിയത്. എന്നാൽ നഴ്‌സുമാരും അധ്യാപകരും ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളുമായുള്ള ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ട്രഷറർ എറിക് അബെറ്റ്‌സ് വിശദീകരിച്ചു. എല്ലാ സർക്കാർ ജീവനക്കാരും മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും പൊലീസുകാർ അംഗീകരിച്ച ശമ്പള വർദ്ധനവ് മറ്റ് ജീവനക്കാർക്കും സ്വീകാര്യമാകുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആറ് മാസത്തിലേറെയായി തുടരുന്ന ശമ്പള തർക്കങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ നീക്കമുണ്ടാകണമെന്ന് വിവിധ യൂണിയനുകൾ ആവശ്യപ്പെട്ടു.

SCROLL FOR NEXT