pulse Tasmania
Tasmania

സാൽമൺ കൃഷിയിലെ ആന്റിബയോട്ടിക് ഉപയോഗത്തിന് വിലക്ക്; കടൽവിഭവങ്ങളിൽ മരുന്നിന്റെ അംശം കണ്ടെത്തി

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മറൈൻ ആൻഡ് അന്റാർട്ടിക് സ്റ്റഡീസ് (IMAS) നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

Elizabath Joseph

ടാസ്മാനിയയിലെ സാൽമൺ ഫാമുകളിൽ ഉപയോഗിക്കുന്ന 'ഫ്ലോർഫെനിക്കോൾ' (Florfenicol) എന്ന ആന്റിബയോട്ടിക്കിന്റെ അംശം ഫാമുകളിൽ നിന്ന് 10 കിലോമീറ്ററിലധികം ദൂരെയുള്ള കടൽവിഭവങ്ങളിൽ കണ്ടെത്തി. ഇതിനെത്തുടർന്ന് ഈ മരുന്നിന്റെ ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നടപടികളുമായി ഫെഡറൽ അതോറിറ്റി രംഗത്തെത്തി. സാൽമൺ ഫാമുകൾക്ക് സമീപമുള്ള ലോബ്സ്റ്റർ, അബലോണി, കടൽ അനിമോണുകൾ തുടങ്ങിയവയിലാണ് ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മറൈൻ ആൻഡ് അന്റാർട്ടിക് സ്റ്റഡീസ് (IMAS) നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ലക്ഷക്കണക്കിന് സാൽമൺ മത്സ്യങ്ങൾ ചത്തുപോകുന്ന പകർച്ചവ്യാധി തടയാൻ 2025 നവംബറിലാണ് ഈ ആന്റിബയോട്ടിക് ഉപയോഗിക്കാൻ അടിയന്തര അനുമതി നൽകിയത്. എന്നാൽ മരുന്നിന്റെ അംശം വ്യാപകമായി പടരുന്നത് ടാസ്മാനിയയുടെ കടൽവിഭവ കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം (Antibiotic Resistance) മനുഷ്യാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും അതിനാൽ ഈ മരുന്ന് പൂർണ്ണമായും നിരോധിക്കണമെന്നും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു.

കണ്ടെത്തിയ മരുന്നിന്റെ അംശം മനുഷ്യാരോഗ്യത്തിന് ഭീഷണിയല്ലെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ കർശന നിബന്ധനകൾ ലംഘിക്കപ്പെടുമോ എന്ന ഭയത്തിലാണ് കയറ്റുമതിക്കാർ. മാർച്ച് 2-നകം കൃത്യമായ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള അനുമതി റദ്ദാക്കുമെന്ന് അധികൃതർ വ്യവസായ മേഖലയ്ക്ക് മുന്നറിയിപ്പ് നൽകി. മുൻകരുതൽ നടപടിയായി ചില ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് താൽക്കാലിക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT