ഉയർന്ന പ്രദേശങ്ങളിൽ രാവിലെ മുതൽ ശക്തമായ കാറ്റുവീശൽ ഉണ്ടാകുമെന്നും മുന്നറിയിപ്പ് Khamkéo/ Unsplash
Tasmania

ക്രിസ്മസ് ദിനത്തിന് മുന്നോടിയായി ടാസ്മാനിയയിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

വീടുകളും പരിസരങ്ങളും സുരക്ഷിതമാക്കണമെന്ന് ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

Elizabath Joseph

ഹോബാർട്ട്: ക്രിസ്മസ് ഈവിന് മുന്നോടിയായി ടാസ്മാനിയയിലുടനീളം മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള വിനാശകാരിയായ കാറ്റടിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വീടുകളും പരിസരങ്ങളും സുരക്ഷിതമാക്കണമെന്ന് ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

പടിഞ്ഞാറ് നിന്ന് ഒരു തണുത്ത കാറ്റുവീശുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണ ബ്യൂറോ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ ഈ കാലാവസ്ഥാ സംസ്ഥാനത്തുകൂടി കടന്നുപോകുമെന്നാണ് പ്രവചനം.

പടിഞ്ഞാറൻ മുതൽ തെക്ക്-പടിഞ്ഞാറൻ ദിശയിലേക്കുള്ള കാറ്റ് ശരാശരി മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നും ഉയർന്ന പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റുവീശൽ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉച്ചയോടെ മഴയോടൊപ്പം ഈ പ്രതികൂല കാലാവസ്ഥ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യത. ന്യൂ നോർഫോക്, ഓട്‌ലാൻഡ്സ്, വൈറ്റ്‌മാർക്ക്, ബോത്ത്‌വെൽ, ഗീവെസ്റ്റൺ, ഡോവർ തുടങ്ങിയ പട്ടണങ്ങൾ ശക്തമായ കാറ്റിന്റെ സാധ്യതാപട്ടികയിലാണ്.

ബുധനാഴ്ച വൈകുന്നേരത്തോടെ ഇത് ടാസ്മാൻ കടലിലേക്ക് നീങ്ങുന്നതിനൊപ്പം കാലാവസ്ഥ ക്രമേണ ശാന്തമാകുമെന്നാണ് പ്രതീക്ഷ.

ഹോബാർട്ടിൽ ക്രിസ്മസ് ഈവിന് ചെറിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വരെ കാറ്റുവീശും. പരമാവധി താപനില 16 ഡിഗ്രി സെൽഷ്യസായിരിക്കും.

ബർണിയിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായും രാവിലെ സമയങ്ങളിൽ 50 കിലോമീറ്റർ വരെ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലോൺസെസ്റ്റണിൽ ചെറിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്. അവിടെ പരമാവധി താപനില 18 ഡിഗ്രിയാകും.

ക്രിസ്മസ് ദിനത്തിലും സംസ്ഥാനത്ത് കാലാവസ്ഥ അസ്ഥിരമായി തുടരും. ഹോബാർട്ടിൽ മഴയ്ക്കൊപ്പം ചെറു ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും പരമാവധി താപനില 15 ഡിഗ്രിയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ക്രിസ്മസ് ദിനത്തിൽ ഹോബാർട്ടിനും ലോൺസെസ്റ്റണിനും ഉയർന്ന അഗ്നി അപകട മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ അൾട്രാവയലറ്റ് നിരപ്പ് അതീവ ഉയർന്ന നിലയിലായിരിക്കും.

ബോക്സിംഗ് ദിനത്തിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഹോബാർട്ടിൽ 18 ഡിഗ്രിയിലേക്കും ലോൺസെസ്റ്റണിൽ 21 ഡിഗ്രിയിലേക്കും താപനില ഉയരുമെന്നാണ് പ്രവചനം.

SCROLL FOR NEXT