സിഡ്നി April Pethybridge/ Unsplash
Australia

ബോണ്ടി ഭീകരാക്രമണം:ന്യൂ ഇയർ ഈവ് അനുസ്മരണത്തിൽ മാറ്റം,സിഡ്‌നി ഹാർബർ ബ്രിഡ്ജിൽ മെനോറ പ്രദർശിപ്പിക്കും

മൗനാചരണത്തിന് ശേഷം സമാധാന പ്രാവും “Peace” “Unity” എന്ന വാക്കുകളും വീണ്ടും പ്രദർശിപ്പിക്കുമെന്ന് മേയർ പറഞ്ഞു.

Elizabath Joseph

ബോണ്ടി ബീച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സിഡ്‌നി ന്യൂ ഇയർ ഈവ് അനുസ്മരണത്തിൽ സിഡ്‌നി സിറ്റി കൗൺസിൽ അവസാന നിമിഷത്തിൽ മാറ്റങ്ങൾ വരുത്തി. ജൂത കലാകാരന്മാർ ഒപ്പുവെച്ച തുറന്ന കത്ത് ലഭിച്ചതിനു ശേഷമാണ് ഈ തീരുമാനം.

ഡിസംബർ 14-ന് നടന്ന ബോണ്ടി വെടിവെപ്പിൽ കൊല്ലപ്പെട്ട 15 പേരെ അനുസ്മരിക്കാൻ, സിഡ്‌നി ഹാർബർ ബ്രിഡ്ജിന്റെ പൈലണുകളിൽ “ജൂത സമൂഹത്തെ പ്രത്യേകിച്ച് അംഗീകരിക്കുന്ന ഒരു ചിഹ്നം” പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 30-ലധികം ജൂത-ഓസ്ട്രേലിയൻ കലാ-സാംസ്‌കാരിക പ്രമുഖർ ലോർഡ് മേയർ ക്ലോവർ മൂറിന് തിങ്കളാഴ്ച കത്ത് നൽകിയിരുന്നു

ആദ്യഘട്ടത്തിൽ രാത്രി 9 മണിക്ക് മുമ്പ് പാലത്തിൽ പ്രാവിന്റെ ചിത്രംയും “Peace” എന്ന വാക്കും പ്രദർശിപ്പിക്കാനായിരുന്നു കൗൺസിലിന്റെ തീരുമാനം. ഇത് ജൂത ബോർഡ് ഓഫ് ഡെപ്യൂട്ടീസുമായി ആലോചിച്ച ശേഷമാണ് തീരുമാനിച്ചത്. രാത്രി 11 മണിക്ക് മൗനാചരണത്തിനിടയിൽ വീണ്ടും പാലം പ്രകാശിപ്പിക്കാനുമായിരുന്നു പദ്ധതി.

എന്നാൽ പുലിറ്റ്സർ ജേതാവ് ജെറാൾഡിൻ ബ്രൂക്സ്, ആരിയ അവാർഡ് ജേതാവ് ഡെബോറ കോൺവേ, ആർചിബാൾഡ് പ്രൈസ് ജേതാവ് ഇവെറ്റ് കോപ്പർസ്മിത്ത് എന്നിവർ ഉൾപ്പെടെയുള്ള ഒപ്പുവെച്ചവർ, “സമാധാനത്തിന്റെ പ്രാവ്” എന്ന പൊതുവായ ചിഹ്നം യഹൂദവിരുദ്ധത എന്ന പ്രശ്നത്തെ മറച്ചുവെക്കുന്നതാണെന്ന് ആരോപിച്ചു.

“അനുസ്മരണത്തിനുള്ള സിഡ്‌നി സിറ്റിയുടെ ഉദ്ദേശം ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, ബോണ്ടി ആക്രമണത്തിന്റെ ജൂത പ്രത്യേകത അംഗീകരിക്കാത്ത ചിഹ്നവും വാക്കും അപര്യാപ്തമാണ്,” കത്തിൽ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷമായി യഹൂദവിരുദ്ധതയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ‘പൊതുവായ സമാധാന ആഹ്വാനങ്ങൾ’ വഴി അവഗണിക്കപ്പെടുകയായിരുന്നുവെന്നും കത്ത് ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ലോർഡ് മേയർ ക്ലോവർ മൂർ പുറത്തിറക്കിയ പ്രസ്താവനയിൽ, സമൂഹത്തിന്റെ അഭിപ്രായങ്ങൾ കേട്ടുകൊണ്ട് അനുസ്മരണം ഉചിതമാക്കുമെന്ന് വ്യക്തമാക്കി.

രാത്രി 11 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കുന്നതിനിടെ ഹാർബർ ബ്രിഡ്ജ് വെളുത്ത നിറത്തിൽ പ്രകാശിപ്പിക്കുമെന്നും, അതിനൊപ്പം ജൂത മതചിഹ്നമായ മെനോറ പൈലണുകളിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

ഹാർബറിന് സമീപം കൂടിച്ചേരുന്നവരോടും, എബിസിയുടെ ന്യൂ ഇയർ ഈവ് സംപ്രേഷണം വീട്ടിൽ നിന്ന് കാണുന്നവരോടും ഐക്യദാർഢ്യത്തിന്റെ ഭാഗമായി ലൈറ്റ് അല്ലെങ്കിൽ ടോർച്ച് തെളിയിക്കാൻ ആഹ്വാനം ചെയ്യും.

മൗനാചരണത്തിന് ശേഷം സമാധാന പ്രാവും “Peace” “Unity” എന്ന വാക്കുകളും വീണ്ടും പ്രദർശിപ്പിക്കുമെന്ന് മേയർ പറഞ്ഞു.

നാം കണ്ട ദുഷ്ടതയെ വിശദീകരിക്കാനോ ഈ നിമിഷം ലളിതമാക്കാനോ വാക്കുകളില്ല. എല്ലാ സംസ്കാരങ്ങളിലെയും വിശ്വാസങ്ങളിലെയും ആളുകൾക്ക് സിഡ്‌നിയിൽ സുരക്ഷയും ഉൾപ്പെടലും ബഹുമാനവും അനുഭവിക്കണം, അവർ പറഞ്ഞു.

ബോണ്ടി ഭീകരാക്രമണത്തെ തുടർന്ന് ആദരസൂചകമായി ചില ന്യൂ ഇയർ ഈവ് പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ബോണ്ടി ബീച്ചിലെ എല്രോ ബോണ്ടി ബീച്ച് XXL മ്യൂസിക് ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വാവർലി കൗൺസിൽ റദ്ദാക്കി.

SCROLL FOR NEXT