ലെഫ്റ്റനന്റ് ഗവർണർ റിച്ചാർഡ് ഹാരിസ് റിട്ട് പുറപ്പെടുവിച്ചു. ( ഫേസ്ബുക്ക്: സൗത്ത് ആസ്ട്രിയൻ ഇലക്ടറൽ കമ്മീഷൻ
South Australia

സൗത്ത് ഓസ്‌ട്രേലിയയിൽ തിരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി; പ്രധാന കക്ഷികൾ പ്രചാരണ രംഗത്ത്

പ്രധാന കക്ഷികളായ ലേബർ പാർട്ടിയും ലിബറൽ പാർട്ടിയും വോട്ടർമാരെ ആകർഷിക്കാനുള്ള തങ്ങളുടെ പ്രഖ്യാപനങ്ങളുമായി ആദ്യ ദിനം തന്നെ സജീവമായി രംഗത്തെത്തി.

Elizabath Joseph

സൗത്ത് ഓസ്‌ട്രേലിയയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. ശനിയാഴ്ച ഗവൺമെന്റ് ഹൗസിൽ റിട്ടുകൾ പുറപ്പെടുവിച്ചതോടെ 55-ാം പാർലമെന്റ് പിരിച്ചുവിടുകയും സംസ്ഥാനം കെയർടേക്കർ ഭരണത്തിലേക്ക് മാറുകയും ചെയ്തു. അടുത്ത 28 ദിവസം നീണ്ടുനിൽക്കുന്ന തീവ്രമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. പ്രധാന കക്ഷികളായ ലേബർ പാർട്ടിയും ലിബറൽ പാർട്ടിയും വോട്ടർമാരെ ആകർഷിക്കാനുള്ള തങ്ങളുടെ പ്രഖ്യാപനങ്ങളുമായി ആദ്യ ദിനം തന്നെ സജീവമായി രംഗത്തെത്തി.

വീട് നിർമ്മാണ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് പ്രീമിയർ പീറ്റർ മാലിനൗസ്കാസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി പ്രചാരണം തുടങ്ങിയത്. ആയിരം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രാദേശിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനവുമായാണ് ലിബറൽ പാർട്ടി നേതാവ് ആഷ്ടൺ ഹേൺ വോട്ട് ചോദിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള രോഗികൾക്ക് നഗരങ്ങളിൽ ചികിത്സ തേടാനുള്ള യാത്രാ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾ ലിബറൽ പാർട്ടിക്ക് വലിയ ആശങ്കയാണ് നൽകുന്നത്. പുതിയ സർവ്വേകളിൽ ലേബർ പാർട്ടി ബഹുദൂരം മുന്നിലാണെന്ന് മാത്രമല്ല, ലിബറൽ പാർട്ടിയെ പിന്നിലാക്കി വൺ നേഷൻ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയതായും സൂചിപ്പിക്കുന്നു. ലേബർ പാർട്ടിക്ക് 37 മുതൽ 44 ശതമാനം വരെ പിന്തുണ ലഭിക്കുമ്പോൾ ലിബറൽ പാർട്ടിക്ക് 14 മുതൽ 20 ശതമാനം വരെയാണ് പ്രവചിക്കപ്പെടുന്നത്. ഗ്രീൻസ് പാർട്ടിയും ഇത്തവണ കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

SCROLL FOR NEXT