അഡലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിൽനിന്ന് കാണാതായ നാലുവയസുകാരനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. പോർട്ട് അഗസ്റ്റയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്കുള്ള യുന്റയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്കുള്ള വീട്ടിൽ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ അവസാനമായി കണ്ടത്.
ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് ശനിയാഴ്ച രാത്രി പോലീസ് ഹെലികോപ്റ്റർ തിരച്ചിലിൽ സഹായിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഞായറാഴ്ചയും തിരച്ചിൽ തുടർന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.
കുട്ടിയെ അവസാനമായി കണ്ട സ്ഥലത്ത് നിന്ന് 2.5 കിലോമീറ്റർ ചുറ്റളവിൽ എസ്ഇഎസ് വളണ്ടിയർമാരുടെ സഹായത്തോടെയും ട്രെയിൽ ബൈക്കുകൾ, എടിവികൾ, ഡ്രോൺ എന്നിവ ഉപയോഗിച്ചും പോലീസ് ഞായറാഴ്ച വിപുലമായ ഗ്രൗണ്ട് തിരച്ചിൽ പൂർത്തിയാക്കിയെന്ന് പോലീസ് പ്രസ്ഥാവനയിൽ പറഞ്ഞു. ഇന്നത്തെ തിരച്ചിലിൽ സൗത്ത് ആഫ്രിക്കൻ പോലീസിന്റെ മൗണ്ടഡ് ഓപ്പറേഷൻസ് യൂണിറ്റും ഗ്രൗണ്ട് സെർച്ചിൽ പങ്കുചേരും.