അഡ്ലെയ്ഡ്: തീരദേശ അഡ്ലെയ്ഡിലുണ്ടായ വാഹനാപകടത്തിൽ 11കാരിയായ പെൺകുട്ടി മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി മൊയാനയിലെ കൊമേഴ്സ്യൽ റോഡിലാണ് അപകടമുണ്ടായത്. സുബാരു സ്റ്റേഷൻ വാഗണും നിസാൻ സെഡാനും കൂട്ടിയിടിക്കുകയായിരുന്നു. നിസാൻ ഓടിച്ചിരുന്ന 35കാരിയായ ക്രിസ്റ്റി ഡൗൺസ് സ്വദേശിനിക്കും വാഹനത്തിലുണ്ടായിരുന്ന 11കാരിക്കും അപകടത്തിൽ പരിക്കേറ്റു. പെൺകുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 35കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുബാരു ഓടിച്ചിരുന്ന 37കാരനായ യുവാവിന് നിസാര പരിക്കേറ്റെങ്കിലും ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മേജർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. അപകടത്തിന് ദൃക്‌സാക്ഷികളായവരും സംഭവസമയത്തെ ഡാഷ്‌കാം ദൃശ്യങ്ങൾ കൈവശമുള്ളവരും പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.