നോർത്ത് ക്വീൻസ്‌ലൻഡിൽ ചുഴലിക്കാറ്റ് ഭീഷണി 
Queensland

നോർത്ത് ക്വീൻസ്‌ലൻഡിൽ ചുഴലിക്കാറ്റ് ഭീഷണി; തീരമേഖലയിൽ അതീവ ജാഗ്രത, പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ച രാവിലെയാകുമ്പോഴേക്കും ഇത് ചുഴലിക്കാറ്റായി മാറാൻ 70 ശതമാനം സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Elizabath Joseph

ബ്രിസ്‌ബേൻ: നോർത്ത് ക്വീൻസ്‌ലൻഡ് തീരത്ത് ഈ ആഴ്ച അവസാനത്തോടെ അതിശക്തമായ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നിലവിൽ സോളമൻ ദ്വീപുകൾക്ക് തെക്കായി രൂപപ്പെട്ട '34U' എന്ന ഉഷ്ണമേഖലാ ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റായി മാറി കരതൊടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെയാകുമ്പോഴേക്കും ഇത് ചുഴലിക്കാറ്റായി മാറാൻ 70 ശതമാനം സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചില കാലാവസ്ഥാ മോഡലുകൾ ഇത് 'കാറ്റഗറി 3' തീവ്രതയുള്ള ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു.

വ്യാഴാഴ്ച ക്വീൻസ്‌ലൻഡ് തീരം കടക്കുന്ന ഈ കാറ്റ് വാരാന്ത്യത്തോടെ ഗൾഫ് ഓഫ് കാർപെന്റാരിയയിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിനോടകം തന്നെ കനത്ത മഴ ലഭിച്ച നോർത്ത് ക്വീൻസ്‌ലൻഡ് തീരങ്ങളിൽ പുതിയ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളും പ്രളയവും ഉണ്ടാക്കിയേക്കാം. മണ്ണ് ഇതിനോടകം തന്നെ വെള്ളം വലിച്ചെടുത്ത അവസ്ഥയിലായതിനാൽ കൂടുതൽ മഴ പെയ്യുന്നത് നദികൾ കരകവിഞ്ഞൊഴുകുന്നതിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനുംകാരണമാകും.

യാത്രാ തടസ്സങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ പ്രളയ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ സേന അഭ്യർത്ഥിച്ചു.

SCROLL FOR NEXT