റോബർട്ട് ഇർവിൻ  (Supplied: Tourism Australia)
Queensland

ഓസ്ട്രേലിയൻ കൺസർവേഷൻ പ്രവർത്തകൻ റോബർട്ട് ഇർവിൻ ഇയർ ഫോർ ക്വീൻസ്‌ലൻഡ്

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഓസ്ട്രേലിയൻ മൃഗശാലയിലെ സേവനങ്ങളുമാണ് 22-കാരനായ റോബർട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

Safvana Jouhar

വന്യജീവി സംരക്ഷണ പ്രവർത്തകനും ഓസ്ട്രേലിയൻ മൃഗശാലയിലെ സജീവ സാന്നിധ്യവുമായ റോബർട്ട് ഇർവിനെ 2027-ലെ ഓസ്ട്രേലിയൻ ഓഫ് ദി ഇയർ പുരസ്കാരത്തിലെ ക്വീൻസ്‌ലൻഡ് ജേതാവായി തിരഞ്ഞെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഓസ്ട്രേലിയൻ മൃഗശാലയിലെ സേവനങ്ങളുമാണ് 22-കാരനായ റോബർട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രശസ്ത വന്യജീവി സംരക്ഷകരായ സ്റ്റീവ് ഇർവിന്റെയും ടെറി ഇർവിന്റെയും മകനാണ് റോബർട്ട്. ഓസ്ട്രേലിയൻ മൃഗശാലയുടെ സ്ഥാപകരായ ബോബ്, ലിൻ ഇർവിൻ എന്നിവരുടെ കൊച്ചുമകനുമാണ്.

ഇപ്സ്വിച്ചിൽ നിന്നുള്ള സ്പ്രിന്റ് താരം ഗൗട്ട് ഗൗട്ടാണ് യങ് ക്വീൻസ്‌ലൻഡർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്. ഏപ്രിലിൽ 200 മീറ്റർ ഓട്ടത്തിൽ 19.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അണ്ടർ 20 ലോക റെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. 2024-ലെ ഓസ്ട്രേലിയൻ ഓൾ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 16-കാരനെന്ന നേട്ടവും ഗൗട്ട് സ്വന്തമാക്കി. ഇപ്പോൾ 18 വയസ്സുള്ള താരം 2028 ഒളിമ്പിക്സിലും തുടർന്ന് 2032-ൽ ബ്രിസ്ബേനിൽ നടക്കുന്ന ഒളിമ്പിക്സിലും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.

വികലാംഗരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കാർമൽ ക്രൗച്ചിനാണ് സീനിയർ ക്വീൻസ്‌ലൻഡർ ഓഫ് ദി ഇയർ പുരസ്കാരം. 80-കാരിയായ അവർ വികലാംഗർക്ക് നൈപുണ്യങ്ങൾ നേടാനും തൊഴിൽ കണ്ടെത്താനും സഹായിക്കുന്ന സ്റ്റെപ്സ് ഗ്രൂപ്പ് ഓസ്ട്രേലിയയുടെ സ്ഥാപക ബോർഡ് അംഗമാണ്. അവരുടെ നേതൃത്വത്തിൽ വികലാംഗരും ഓട്ടിസമുള്ളവരുമായ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന സ്റ്റെപ്സ് പാത്ത്‌വേസ് കോളജ് ആരംഭിച്ചു. പിന്നീട് കുടിയേറ്റക്കാർ, അഭയാർഥികൾ, തദ്ദേശീയ സമൂഹങ്ങൾ എന്നിവർക്കായുള്ള സാമൂഹിക സംരംഭങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

കെയിൻസ് ആശുപത്രിയിലെ ഫസ്റ്റ് നേഷൻസ് സ്പെഷ്യലിസ്റ്റ് ഗ്രീറ്ററായ നോയൽ ബ്രൗണിനാണ് ക്വീൻസ്‌ലൻഡ് ലോക്കൽ ഹീറോ പുരസ്കാരം. ആശുപത്രിയിലെത്തുന്ന ആദിവാസി രോഗികൾക്ക് സൗഹൃദപരമായ സ്വീകരണവും ആശയവിനിമയവും സാംസ്കാരിക പിന്തുണയും നൽകുന്ന 65-കാരനാണ് അദ്ദേഹം. പുരസ്കാര ജേതാക്കളെ നാഷണൽ ഓസ്ട്രേലിയ ഡേ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് കാരി ലീസൺ അഭിനന്ദിച്ചു. കുടുംബത്തിന്റെ വന്യജീവി സംരക്ഷണ പാരമ്പര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്ന റോബർട്ടും ലോക റെക്കോർഡുകൾ തകർക്കുന്ന ഗൗട്ടും സമൂഹത്തിന് പ്രചോദനമാണെന്ന് അവർ പറഞ്ഞു. ആളുകൾക്ക് സ്വാതന്ത്ര്യവും അന്തസ്സും നേടാൻ സഹായിക്കുന്ന കാർമലിന്റെയും ആവശ്യസമയത്ത് പിന്തുണ നൽകുന്ന നോയലിന്റെയും പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു.

SCROLL FOR NEXT