കഴിഞ്ഞ ഒരാഴ്ചയായി വടക്കൻ ക്വീൻസ്‌ലൻഡിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വരും ദിവസങ്ങളിലും ടൗൺസ്‌വിൽ, കെയ്‌ൻസ്, മക്കായ് തുടങ്ങിയ മേഖലകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BOM) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വീപ്പയിൽ 220 മില്ലീമീറ്ററും മക്കായ് പരിസരങ്ങളിൽ 152 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും റോഡുകൾ അടയ്ക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
മഴ കനത്തതോടെ നദികളിലെ ജലനിരപ്പ് ഉയരുകയും ഡാമുകൾ പരമാവധി ശേഷിയിൽ എത്തുകയും ചെയ്തിട്ടുണ്ട്. മക്കായ്ക്ക് പടിഞ്ഞാറുള്ള കിൻചാന്റ് ഡാമിൽ (Kinchant Dam) നിന്ന് അധിക ജലം തുറന്നുവിട്ടു തുടങ്ങി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ വെള്ളത്തിലൂടെ വാഹനം ഓടിക്കരുതെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
വടക്കൻ മേഖലയിൽ മഴ തുടരുമ്പോൾ സതേൺ ക്വീൻസ്‌ലൻഡിലും ബ്രിസ്‌ബേൻ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം, വടക്കൻ ക്വീൻസ്‌ലൻഡിലെ നദീതടങ്ങളിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ 'ഫ്ലഡ് വാച്ച്' (Flood Watch) മുന്നറിയിപ്പ് വരും ദിവസങ്ങളിലും തുടരും. ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിക്കാതെ ഔദ്യോഗിക ട്രാഫിക് വെബ്‌സൈറ്റുകൾ വഴി റോഡ് വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു