(Queensland Police)
Queensland

പോലീസ് സ്റ്റേഷനിൽ കുഞ്ഞിന് ജന്മം; ക്വീൻസ്‌ലൻഡിൽ അപൂർവ പ്രസവത്തിന് സാക്ഷിയായി പൊലീസ്

ആശുപത്രിയിലെത്താൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ യുവതിയുടെ പങ്കാളി കാർ ബ്രൗൺസ് പ്ലെയ്ൻസ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തി 7 മിനിറ്റിനകം പെൺകുഞ്ഞിന് ജന്മം നൽകി.

Safvana Jouhar

ബ്രൗൺസ് പ്ലെയ്ൻസ്: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന ശക്തമായതോടെ പൊലീസ് സ്റ്റേഷനിലെത്തിയ 22കാരിയായ യുവതി അവിടെ കുഞ്ഞിന് ജന്മം നൽകി. ക്വീൻസ്‌ലൻഡിലെ ബ്രൗൺസ് പ്ലെയ്ൻസ് പൊലീസ് സ്റ്റേഷനിലാണ് ചൊവ്വാഴ്ച രാത്രി അപൂർവ സംഭവം അരങ്ങേറിയത്. ലോഗൻ ആശുപത്രിയിലെത്താൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ യുവതിയുടെ പങ്കാളി കാർ ബ്രൗൺസ് പ്ലെയ്ൻസ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെത്തുകയായിരുന്നു. കാർ പൊലീസ് സ്റ്റേഷനിൽ എത്തി ഏഴ് മിനിറ്റിനകം യുവതി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി.

പൊലീസ് കോൺസ്റ്റബിൾ ജെന്ന സിവിയാനിയാണ് കാറിന്റെ പിൻസീറ്റിൽ വെച്ച് പ്രസവത്തിന് സഹായിച്ചത്. അപകടസൂചനാ ലൈറ്റുകൾ തെളിച്ചുനിർത്തിയിരുന്ന ചുവന്ന ഹാച്ച്ബാക്കിനുള്ളിലായിരുന്നു പ്രസവം. പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളിൽ യുവതിയെ കാറിൽ നിന്ന് സ്ട്രെച്ചറിലേക്ക് മാറ്റാൻ പാരാമെഡിക്കുകൾ സഹായിക്കുന്നതും പശ്ചാത്തലത്തിൽ നവജാത ശിശുവിന്റെ കരച്ചിൽ കേൾക്കുന്നതും കാണാം. പ്രസവത്തിന് ശേഷം സഹപ്രവർത്തകരോട് സംസാരിക്കവെ സിവിയാനി സംഭവത്തെ “വളരെ പ്രത്യേകമായ അനുഭവം” എന്നാണ് വിശേഷിപ്പിച്ചത്. ഫോൺ വഴി നിർദേശങ്ങൾ നൽകിയ എമർജൻസി ഓപ്പറേറ്ററെയും അവർ പ്രശംസിച്ചു. കുഞ്ഞിന്റെ തല പുറത്തുവരുന്നുണ്ടോ, എവിടെ സമ്മർദം നൽകണം, കഴുത്തിനും തോളുകൾക്കും എങ്ങനെ പിന്തുണ നൽകണം തുടങ്ങിയ കാര്യങ്ങളിൽ ഫോൺ ഓപ്പറേറ്റർ കൃത്യമായ നിർദേശങ്ങൾ നൽകിയതായി സിവിയാനി പറഞ്ഞു.

പാരാമെഡിക്കുകൾ പിന്നീട് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ച് വീട്ടിൽ കഴിയുകയാണ്. ലോഗൻ ഡിസ്ട്രിക്ട് ഡ്യൂട്ടി ഓഫീസർ സീനിയർ സാർജന്റ് അലീഷ യങ് തന്റെ 27 വർഷത്തെ പൊലീസ് സേവനത്തിനിടെ ഇതാദ്യമായാണ് ഒരു പൊലീസ് സ്റ്റേഷനിൽ കുഞ്ഞ് ജനിക്കുന്നതിന് സാക്ഷിയാകുന്നതെന്ന് പറഞ്ഞു. “27 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം,” അലീഷ യങ് പറഞ്ഞു.

SCROLL FOR NEXT