(Getty Images)
Queensland

ചുവപ്പ് ലൈറ്റ് മറികടക്കാമോ? ക്വീൻസ്‌ലാൻഡ് ഉൾപ്പെടെ ഓസ്‌ട്രേലിയൻ നിയമങ്ങൾ

നീല അല്ലെങ്കിൽ ചുവപ്പ് ലൈറ്റുകൾ തെളിയിച്ചോ സൈറൺ മുഴക്കിയോ പോകുന്ന അടിയന്തര സേവന വാഹനത്തിന് വഴി നൽകാതിരുന്നാൽ ക്വീൻസ്‌ലാൻഡിൽ $402 പിഴ ലഭിക്കാം.

Safvana Jouhar

അടിയന്തര സേവന വാഹനങ്ങൾക്ക് വഴി നൽകുന്നതിനിടെ ചുവപ്പ് ട്രാഫിക് ലൈറ്റ് മറികടക്കാമോ എന്നതിൽ ഓസ്‌ട്രേലിയയിലെ സംസ്ഥാനങ്ങളിൽ വ്യത്യസ്ത റോഡ് നിയമങ്ങളാണുള്ളത്. വിഷയം വീണ്ടും ഓർമ്മിപ്പിച്ച് ക്വീൻസ്‌ലാൻഡ് പൊലീസ് രംഗത്തെത്തി. ലൈറ്റുകളും സൈറണുകളും പ്രവർത്തിപ്പിച്ച് ആംബുലൻസോ പൊലീസ് വാഹനമോ പോലുള്ള അടിയന്തര സേവന വാഹനം സമീപിക്കുമ്പോൾ ഡ്രൈവർമാർ എങ്ങനെ വഴി നൽകണമെന്നത് സംബന്ധിച്ച വീഡിയോയാണ് ക്വീൻസ്‌ലാൻഡ് പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. “അടിയന്തര സേവന വാഹനത്തിന് വഴി നൽകാൻ ചുവപ്പ് ലൈറ്റ് കടക്കാമോ?” എന്ന ചോദ്യത്തിന്, സുരക്ഷിതമാണെങ്കിൽ അത് ചെയ്യാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. വാഹനം സുരക്ഷിതമായി റോഡിന്റെ ഇടതുവശത്തേക്കോ വലതുവശത്തേക്കോ മാറ്റണമെന്നാണ് നിർദേശം. ആവശ്യമെങ്കിൽ മുഴുവൻ ജംഗ്ഷനും കടക്കാം. എന്നാൽ മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലെന്ന് ഉറപ്പാക്കണം. നീല അല്ലെങ്കിൽ ചുവപ്പ് ലൈറ്റുകൾ തെളിയിച്ചോ സൈറൺ മുഴക്കിയോ പോകുന്ന അടിയന്തര സേവന വാഹനത്തിന് വഴി നൽകാതിരുന്നാൽ ക്വീൻസ്‌ലാൻഡിൽ $402 പിഴ ലഭിക്കാം.

സംസ്ഥാനങ്ങൾക്കനുസരിച്ചുള്ള നിയമങ്ങൾ

  • ന്യൂ സൗത്ത് വെയിൽസ്: സുരക്ഷിതമാണെങ്കിൽ അടിയന്തര വാഹനത്തിന് വഴി നൽകുന്നതിനായി ചുവപ്പ് ലൈറ്റ് മറികടക്കാൻ കഴിയും.

  • ACT: ചുവപ്പ് ലൈറ്റ് മറികടക്കുന്നത് നിയമവിരുദ്ധമാണ്. ആംബുലൻസിനോ പൊലീസ് വാഹനത്തിനോ വഴി നൽകുന്നതിനായാലും ഇത് അനുവദനീയമല്ല.

  • വിക്ടോറിയ: സുരക്ഷിതമാണെങ്കിൽ അടിയന്തര വാഹനത്തിന് വഴി നൽകണം. നിയമം പാലിക്കാത്തവർക്ക് $356 പിഴയും മൂന്ന് ഡിമെറിറ്റ് പോയിന്റുകളും ലഭിക്കും.

  • സൗത്ത് ഓസ്‌ട്രേലിയ: സുരക്ഷിതമാണെങ്കിൽ അടിയന്തര വാഹനത്തിന് വഴി നൽകുന്നതിനായി മറ്റ് ചില റോഡ് നിയമങ്ങൾ ലംഘിക്കാം.

  • ടാസ്മാനിയ: അടിയന്തര വാഹനത്തിന് വഴി നൽകാൻ ചുവപ്പ് ലൈറ്റ് മറികടക്കാൻ അനുവാദമില്ല.

  • വെസ്റ്റേൺ ഓസ്‌ട്രേലിയ: അടിയന്തര വാഹനത്തിന് വഴി നൽകാൻ വേണ്ടിയാണെങ്കിലും ചുവപ്പ് ലൈറ്റ് മറികടക്കാൻ പാടില്ല.

  • നോർത്തേൺ ടെറിട്ടറി: ആംബുലൻസിനോ പൊലീസ് വാഹനത്തിനോ വഴി നൽകാൻ ചുവപ്പ് ലൈറ്റ് മറികടക്കരുത്. എന്നാൽ സുരക്ഷിതമാണെങ്കിൽ ജംഗ്ഷനിലേക്ക് കുറച്ചുകൂടി മുന്നോട്ട് നീങ്ങാൻ കഴിയും.

വഴി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ?

വഴി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വാഹനം റോഡിന്റെ കഴിയുന്നത്ര ഇടതുവശത്തേക്ക് മാറ്റി നിർത്താനാണ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് നൽകുന്ന നിർദേശം. ഇതിന് മുമ്പ് റിയർവ്യൂ മിററുകളും ബ്ലൈൻഡ് സ്‌പോട്ടുകളും പരിശോധിക്കുകയും ഇൻഡിക്കേറ്റർ ഉപയോഗിക്കുകയും ചുറ്റുമുള്ള വാഹനങ്ങളെയും മറ്റ് റോഡ് ഉപയോക്താക്കളെയും ശ്രദ്ധിക്കുകയും വേണം. അടിയന്തര വാഹനത്തിന് വഴി നൽകുന്നതിനിടെ സ്വന്തം വാഹനത്തിനോ മറ്റുള്ളവരുടെ വാഹനങ്ങൾക്കോ അപകടമുണ്ടാക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

വഴി പൂർണമായും ഒഴിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ, അവിടെത്തന്നെ നിൽക്കുകയും അടിയന്തര വാഹനത്തെ സുരക്ഷിതമായി ചുറ്റിപ്പോകാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് നിർദേശം.

SCROLL FOR NEXT