ഓസ്‌ട്രേലിയയിലെ ഗ്രാമീണ മേഖലകളിൽ ബാങ്ക് ശാഖകൾ വൻതോതിൽ പൂട്ടിപ്പോകുന്നതിൽ ഉയർന്ന പൊതുജനരോഷത്തിന് പരിഹാരവുമായി ഓസ്‌ട്രേലിയൻ ബാങ്കിംഗ് അസോസിയേഷൻ (ABA). രാജ്യത്തെ മുൻനിരയിലുള്ള നാല് പ്രമുഖ ബാങ്കുകളും മറ്റ് പ്രധാന ബാങ്കുകളും കൈകോർത്ത്, നിലവിൽ ബാങ്ക് ശാഖകളില്ലാത്ത പത്തോളം ഗ്രാമീണ പട്ടണങ്ങളിൽ ഫെയ്‌സ്-ടു-ഫെയ്‌സ് (നേരിട്ടുള്ള) ബാങ്കിംഗ് ഹബ്ബുകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കി. പ്രാദേശിക കൗൺസിൽ ഓഫീസുകൾ, ലൈബ്രറികൾ, അല്ലെങ്കിൽ ഓസ്‌ട്രേലിയ പോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇത്തരം ഹബ്ബുകൾ പ്രവർത്തിക്കുക. യുകെ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ മാതൃക പിന്തുടർന്നാണ് ഈ നീക്കം. ഹബ്ബുകളിൽ ബാങ്കിംഗ് സേവനങ്ങൾക്ക് സഹായിക്കാൻ കൺസെർജ് ജീവനക്കാർ (Concierge staff) ഉണ്ടാകുമെങ്കിലും, സാമ്പത്തിക ഉപദേശങ്ങൾ നൽകുന്നതിനോ നേരിട്ട് പണമിടപാടുകൾ നടത്തുന്നതിനോ ഇവർക്ക് അനുമതിയുണ്ടായിരിക്കില്ല.
ബാങ്കുകൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ ഇളവ് ആവശ്യമായതിനാൽ, പദ്ധതിയുടെ അനുമതിക്കായി ഒക്ടോബർ 2-ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനെ (ACCC) സമീപിപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ, ഗ്രാമീണ മേഖലയിലുള്ളവർക്ക് നേരിട്ടുള്ള ബാങ്കിംഗ് സേവനം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ABA ചീഫ് എക്സിക്യൂട്ടീവ് സൈമൺ ബർമിംഗ്ഹാം പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതോടെ ബാങ്ക് ശാഖകളിലെ നേരിട്ടുള്ള ഇടപാടുകൾ കുത്തനെ കുറഞ്ഞിട്ടുണ്ടെങ്കിലും, ചില ഉപഭോക്താക്കൾ ഇപ്പോഴും നേരിട്ടുള്ള സേവനങ്ങളെ ആശ്രയിക്കുന്നുണ്ടെന്ന് ബാങ്കുകൾ തിരിച്ചറിയുന്നുണ്ട്. അടിസ്ഥാന സൗകര്യ ചെലവുകൾ ബാങ്കുകൾ പങ്കിടുന്നതിലൂടെ, ശാഖകളില്ലാത്ത മേഖലകളിൽ ബാങ്കിംഗ് സേവനം നൽകുന്ന പുതിയ രീതി പരീക്ഷിക്കുകയാണ് ഈ ട്രയൽ ലക്ഷ്യമിടുന്നത്. ബാങ്ക് ശാഖകൾ നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നവർ ഉന്നയിക്കുന്ന പ്രധാന കാരണം കറൻസി നോട്ടുകളുടെ ഉപയോഗമാണ്. എന്നാൽ ഓസ്‌ട്രേലിയൻ റിസർവ് ബാങ്കിന്റെ (RBA) കണക്കുകൾ പ്രകാരം, 2007-ൽ 70 ശതമാനമായിരുന്ന കറൻസി ഉപയോഗം നിലവിൽ വെറും 15 ശതമാനമായി കുറഞ്ഞിട്ടുണ്ട്.