Australia  Srikant Sahoo, Unsplash
Australia

ഓസ്ട്രേലിയയിലെ ബില്യണെയർമാർക്ക് കടുത്ത നികുതി വേണമെന്ന് ഓക്സ്ഫാം

ഓസ്ട്രേലിയയിലെ 48 ബില്യണയർമാരുടെ ആകെ സമ്പത്ത് രാജ്യത്തെ താഴത്തെ 40 ശതമാനം ജനങ്ങളുടെ (ഏകദേശം 11 ദശലക്ഷം ആളുകൾ) സമ്പത്തിനേക്കാൾ കൂടുതലാണ് എന്ന് ഓക്സ്ഫാം ഓസ്ട്രേലിയയുടെ പുതിയ റിപ്പോർട്ട്

Elizabath Joseph

ഓസ്‌ട്രേലിയയിലെ ബില്യണെയർമാരുടെ സമ്പത്ത് അതിവേഗം വർധിക്കുമ്പോൾ, അതിനെതിരെ ശക്തമായ നികുതി പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ഓക്സ്ഫാം ഓസ്‌ട്രേലിയ രംഗത്തെത്തി. ഓക്സ്ഫാം പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയയിൽ 48 ബില്യണെയർമാർ ചേർന്ന് രാജ്യത്തെ ഏറ്റവും ദരിദ്രരായ 40 ശതമാനം ജനസംഖ്യയേക്കാൾ കൂടുതൽ സമ്പത്ത് കൈവശം വയ്ക്കുന്നു.

2020ന് ശേഷം ഫോർബ്സ് പട്ടികയിൽ എട്ട് പുതിയ ബില്യണെയർമാർ കൂടി ഇടംപിടിച്ചതോടെ, ഏകദേശം 1.1 കോടി ഓസ്‌ട്രേലിയൻ ജനങ്ങളുടെ മൊത്തം സമ്പത്തിനേക്കാൾ കൂടുതലാണ് ഇവരുടെ കൈവശമെന്ന് റിപ്പോർട്ട് പറയുന്നു. ഇതേ സമയം, ഓസട്രേലിയൻ കൗൺസിൽ ഓഫ് സോഷ്യല്‍ സർവീസും യുഎൻഎസ്ഡബ്ലുവു ചേർന്ന് തയ്യാറാക്കിയ Poverty in Australia 2025 റിപ്പോർട്ട് പ്രകാരം 37 ലക്ഷം പേർ രാജ്യത്ത് ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.

‘Resisting the Rule of the Rich’ എന്ന റിപ്പോർട്ടിൽ, ഏറ്റവും സമ്പന്നരായ 0.5 ശതമാനം കുടുംബങ്ങൾക്കായി നെറ്റ് വെൽത്ത് ടാക്‌സ് ഏർപ്പെടുത്തണമെന്ന് ഓക്സ്ഫാം ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയയിലെ ബില്യണെയർമാർക്ക് കഴിഞ്ഞ വർഷം മാത്രം 5 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നെങ്കിൽ 17.4 ബില്യൺ ഡോളർ അധിക വരുമാനം ലഭിക്കുമായിരുന്നുവെന്നും, അത് സൗജന്യ ബാലപരിപാലനം, ഊർജ്ജ ബിൽ ഇളവുകൾ, മനുഷ്യാവകാശ സഹായങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാമായിരുന്നുവെന്നും സംഘടന പറയുന്നു.

ലോകമെമ്പാടുമുള്ള ബില്യണെയർമാരുടെ എണ്ണം 3,000 കടന്നതായും, അവരുടെ സംയുക്ത സമ്പത്ത് 27.7 ട്രില്യൺ ഡോളറായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ശക്തമായ നികുതി സംവിധാനമാണ് സംഘടന ആവശ്യപ്പെടുന്നത്. “ഒരു വർഷത്തിനിടെ മൂന്നിലൊന്ന് ഓസ്‌ട്രേലിയക്കാർ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിട്ടപ്പോൾ, ബില്യണെയർമാരുടെ സമ്പത്ത് ഏകദേശം 6 ലക്ഷം ഡോളർ വർധിക്കുന്നു,” ഓക്സ്ഫാം ഓസ്‌ട്രേലിയ സി.ഇ.ഒ ജെന്നിഫർ ടിയേർണി പറഞ്ഞു, റിപ്പോർട്ട് ജനാധിപത്യത്തെയും ഈ സമ്പത്ത് വ്യത്യാസം ബാധിക്കുന്നതായി മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ഡൊണാൾഡ് ട്രംപിന്റെ രണ്ടാം പ്രസിഡന്റ് കാലാവധിക്കൊപ്പം ലോകമെമ്പാടുമുള്ള ബില്യണെയർമാരുടെ സമ്പത്ത് അതിവേഗം ഉയർന്നതായും റിപ്പോർട്ട് പറയുന്നു. ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക് അർധ ട്രില്യൺ ഡോളർ സമ്പത്ത് കടന്ന ആദ്യ വ്യക്തിയായി മാറിയതും ഇതിൽ ഉൾപ്പെടുന്നു.

നെഗറ്റീവ് ഗിയറിംഗ് അവസാനിപ്പിക്കണം, മൂലധന ലാഭ നികുതി ഇളവുകൾ പിന്‍വലിക്കണം എന്നീ ആവശ്യങ്ങളും റിപ്പോർട്ട് ഉന്നയിക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള സമ്പത്ത് വ്യത്യാസം ഭീകരമായി വർധിച്ചതായും ഓക്സ്ഫാം മുന്നറിയിപ്പ് നൽകുന്നു.

SCROLL FOR NEXT