നോർത്തേൺ ടെറിട്ടറിയിലേക്ക് കുടിയേറ്റക്കാർക്ക് അവസരം Markus Winkler/ Unsplash
Northern Territory

കുടിയേറ്റക്കാർക്ക് സുവർണ്ണാവസരം, കൂടുതൽ വൈദഗ്ദ്യ തൊഴിലാളികളെ ആവശ്യപ്പെട്ട് നോർത്തേൺ ടെറിട്ടറി

പ്രദേശത്തിന്റെ വളരുന്ന തൊഴിൽശേഷി നിറവേറ്റാൻ കൂടുതൽ പ്രാവീണ്യമുള്ള കുടിയേറ്റക്കാരെ ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു.

Elizabath Joseph

ഓസ്ട്രേലിയയിലേക്ക് സമീപഭാവിയിൽ കുടിയേറാൻ പദ്ധതിയുള്ളവർക്ക് സന്തോഷവാർത്ത. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ പ്രദേശത്തിന്റെ വളരുന്ന തൊഴിൽശേഷി ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ പ്രാവീണ്യമുള്ള കുടിയേറ്റക്കാരെ (skilled migrants) ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു.

2025 മുതൽ 2029 വരെ നോര്‍ത്തേൺ ടെറിട്ടറിയുടെ സമ്പദ്‌വ്യവസ്ഥ 18.4% വളർച്ച നേടുമെന്നാണാണ് പ്രവചനം. ഇതിലേക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 14,000-ത്തിലധികം പുതിയ തൊഴിലാളികളെ വേണ്ടിവരും.

കഴിഞ്ഞ ആഴ്ച മെൽബണിൽ നടന്ന മിനിസ്റ്റീരിയൽ മൈഗ്രേഷൻ റൗണ്ട്ടേബിൾ യോഗത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസം, മൈഗ്രേഷൻ, ജനസംഖ്യ മന്ത്രിയായ റോബിൻ കാഹിൽ ഇക്കാര്യം സംസാരിച്ചത്. ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിലെ നേതാക്കളെ ഒന്നിപ്പിച്ച ഈ യോഗത്തിൽ കുടിയേറ്റ പദ്ധതികളും നയങ്ങളും ചർച്ച ചെയ്തു.

യോഗത്തിൽ ഫെഡറൽ സർക്കാർ സ്കിൽഡ് മൈഗ്രന്‍റ് സ്ഥാനങ്ങളുടെ സംസ്ഥാന-ടെറിട്ടറി വിതരണവുമായി ബന്ധപ്പെട്ട സ്ഥിരീകരണപ്രക്രിയ വേഗത്തിലാക്കണമെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോർത്തേൺ ടെറിട്ടറിക്ക് കൂടുതലായ വിഹിതം അനുവദിക്കണമെന്നും മന്ത്രി കാഹിൽ ആവശ്യപ്പെട്ടു.

കൂടാതെ, എൻടി സർക്കാർ അടുത്ത രണ്ട് വർഷത്തേക്ക് പ്രതിവർഷം 2 മില്യൺ ഡോളറിന്റെ ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികളെയും അന്താരാഷ്ട്ര വിദ്യാർത്ഥികളെയും ആകർഷിക്കുന്നതിനും, തൊഴിൽ ശക്തിയെ വികസിപ്പിക്കുന്നതിനും, തൊഴിലുടമകളെ ജീവനക്കാരെ നിലനിർത്താൻ സഹായിക്കുന്നതിനും, വിസ അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിനും ഈ ഫണ്ടിംഗ് സഹായിക്കും.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി, നോർത്തേൺ ടെറിറ്ററിയിൽ പഠനം, ജോലി, താമസം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു. തൊഴിലാളി ക്ഷാമം നികത്തുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വളർത്തുകയും ചെയ്യാൻ നോർത്തേൺ ടെറിട്ടറി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

SCROLL FOR NEXT