ഡാർവിൻ ഉൾപ്പെടെയുള്ള ടോപ്പ് എൻഡ് പ്രദേശങ്ങളിലെ ജലാശയങ്ങളിൽ 2026ന്റെ ആദ്യ വാരത്തിൽ ഓരോ ദിവസവും ഒരു മുതല വീതം പിടിച്ചെടുത്തതായി നോർത്തേണ്‍ ടെറിട്ടറി റേഞ്ചർമാർ അറിയിച്ചു. വാരിയുടെ തുടക്കത്തിൽ ലിച്ച്‌ഫീൽഡ് നാഷണൽ പാർക്കിലെ പ്രശസ്തമായ വാങി ഫാൾസിന് സമീപത്തെ ഒരു ചരിവിൽ നിന്ന് 4.9 മീറ്റർ നീളമുള്ള ഭീമൻ മുതലയും പിടിച്ചു.
പുതുവത്സരത്തിന്റെ ആദ്യ ആഴ്ചയിൽ വാങി ഫാൾസിന് സമീപം നാല് മീറ്ററിലധികം നീളമുള്ള രണ്ടുമുതലകളാണ് പിടിച്ചതെന്ന് വന്യജീവി പ്രവർത്തനങ്ങളുടെ ആക്ടിങ് ഡയറക്ടർ സാം ഹൈസൺ പറഞ്ഞു 2026ൽ പുതുതായി നിർമ്മിച്ച മുതല കൂടകളുടെയും eDNA, AI, അണ്ടർവാട്ടർ ക്യാമറകൾ തുടങ്ങിയ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
2025ൽ ആകെ 241 മുതലകളെയാണ് നോർത്തേണ്‍ ടെറിട്ടറി റേഞ്ചർമാർ പിടിച്ചത് — 2024ലേക്കാൾ 30 കുറവ്. 2021ൽ ആണ് ഏറ്റവും കൂടുതൽ മുതലകളെ പിടികൂടിയത്- 322 മുതലകൾ .കഴിഞ്ഞ വർഷം പിടിച്ച മുതലകളിൽ 199 എണ്ണം ഡാർവിൻ ഹാർബറിൽ നിന്നായിരുന്നു.