ഡാർവിൻ: ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയിൽ മാമ്പഴ വിളവെടുപ്പ് ആരംഭിച്ചു. ഡാർവിന് സമീപമുള്ള കൃഷിയിടങ്ങളിൽ ആഭ്യന്തര വിപണികൾക്കായുള്ള വിളവെടുപ്പ് തുടങ്ങി. ഉടൻ തന്നെ വിളവെടുപ്പിന്‍റെ അളവ് കൂട്ടുംയ കഴിഞ്ഞ വര്‍ഷത്തെ വിളവിന് സമാനമായി ഈ സീസണിൽ ഈ മേഖലയിൽ 22 ലക്ഷം ട്രേ മമ്പഴങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ഈ വർഷം വിളവെടുപ്പ് കാലയളവ് നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. മാമ്പഴങ്ങൾ വിപണിയിലെത്തി തുടങ്ങിയെങ്കിലും മാവുകളിൽ ഇനിയും മൂത്തു പഴുക്കുവാനുള്ള മാങ്ങകളും ഉണ്ട്.അതുകൊണ്ടുതന്നെ കർഷകർക്ക് തോട്ടത്തിൽ അധികനേരം ചെലവഴിക്കേണ്ടതായും തൊഴിലാളികൾക്കായി കൂടുതൽ പണം ആവശ്യമായി വരുമെന്നും കരുതുന്നതായി ഓസ്‌ട്രേലിയൻ മാംഗോ ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡന്റ് ട്രെവർ ഡൺമാൾ പറഞ്ഞു. കാരണം അവർ മരങ്ങൾക്ക് സമീപം ഒന്നിലധികം തവണ കടന്നുപോകേണ്ടി വരും.
നിലവിൽ ഡാർവിനിലെ ചില്ലറ വിലയിൽ കെൻസിംഗ്ടൺ പ്രൈഡ് (KP)മാമ്പഴങ്ങൾ ഓരോന്നിനും 3.90 ഓസ്‌ട്രേലിയൻ ഡോളർ (2.60 യുഎസ് ഡോളർ), R2E2 മാമ്പഴം ഒന്നിന് 5 ഓസ്‌ട്രേലിയൻ ഡോളർ (3.30 യുഎസ് ഡോളർ) എന്നിങ്ങനെയാണ് നിരക്ക് . ഈ ആഴ്ച സിഡ്‌നി മാർക്കറ്റുകളിൽ കെൻസിംഗ്ടൺ പ്രൈഡ് മാമ്പഴങ്ങളുടെ പ്രീമിയം ട്രേകൾ 55-60 ഓസ്‌ട്രേലിയൻ ഡോളർ (36-39 യുഎസ് ഡോളർ) വിലയിൽ ആണ് വ്യാപാരം നടക്കുന്നത്.