(ആദിവാസി വിഭാഗങ്ങളിൽപ്പെട്ട വായനക്കാർക്കുള്ള മുന്നറിയിപ്പ്: മരിച്ചുപോയ ഒരു തദ്ദേശീയ വ്യക്തിയുടെ ചിത്രം ഈ വാർത്തയിലുണ്ട്. കുടുംബത്തിന്റെ അനുമതിയോടെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)
നോർതേൺ ടെറിട്ടറിയിൽ കുമൻജായി ലിറ്റിൽ ബേബിയുടെ കൊലപാതകത്തിന് മുമ്പ് ശിശുസംരക്ഷണ വകുപ്പ് കൈക്കൊണ്ട നടപടികളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്. വകുപ്പിന്റെ പ്രവർത്തനരീതിയിൽ സമഗ്രമായ മാറ്റം വേണമെന്ന് അന്തിമ റിപ്പോർട്ട് ശുപാർശ ചെയ്തു. ന്യൂ സൗത്ത് വെയിൽസ് മുൻ പൊലീസ് കമ്മീഷണർ കാരൻ വെബ്ബും നോർതേൺ ടെറിട്ടറി ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ഗ്രെഗ് ഷാനഹാനും ചേർന്നാണ് മൂന്ന് മാസം നീണ്ട പരിശോധന നടത്തിയത്. 45 ശുപാർശകളടങ്ങിയ അന്തിമ റിപ്പോർട്ട് ഇന്ന് രാവിലെ നോർതേൺ ടെറിട്ടറി പാർലമെന്റിൽ സമർപ്പിച്ചു.
റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച ശിശുസംരക്ഷണ മന്ത്രി കാഹിൽ, കുമൻജായി ലിറ്റിൽ ബേബിയുടെ ഇഷ്ടനിറമായ പിങ്ക് വസ്ത്രം ധരിച്ചാണ് എത്തിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണെന്ന് അവർ പറഞ്ഞു. കുമൻജായി ലിറ്റിൽ ബേബിയുടെ സുരക്ഷയ്ക്ക് 10ൽ രണ്ട് മാർക്ക് മാത്രമാണ് വകുപ്പ് നൽകിയിരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022 ഓഗസ്റ്റിൽ അമ്മ ആക്രമിക്കപ്പെടുകയും അന്ന് 16 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ശേഷവും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിൽ വീഴ്ചയുണ്ടായി.
2023 ജനുവരിയിൽ നടത്തിയ തുടർവിലയിരുത്തലിൽ കുട്ടിയുടെ ദുർബലാവസ്ഥയും വർധിച്ചുവരുന്ന ആശങ്കകളും രേഖപ്പെടുത്തിയിരുന്നെങ്കിലും, 229 ദിവസത്തോളം കേസ് തുറന്നുകിടന്നിട്ടും കുട്ടിയുടെ സാഹചര്യം മെച്ചപ്പെടുത്തുന്ന വ്യക്തമായ നടപടികളുണ്ടായില്ല എന്ന് കാഹിൽ പാർലമെന്റിൽ പറഞ്ഞു. കുട്ടി നേരിട്ടുകൊണ്ടിരുന്ന അക്രമം വർധിച്ചുവന്നിട്ടും ഗാർഹിക, കുടുംബാതിക്രമ സാധ്യതാ വിലയിരുത്തൽ നടത്തിയില്ലെന്നും അവർ വ്യക്തമാക്കി. കുട്ടി നേരിടുന്ന അപകടസാധ്യത തിരിച്ചറിയാൻ നിലവിലെ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും കാഹിൽ പറഞ്ഞു. “ഏറ്റവും ആശങ്കാജനകമായ കാര്യം, സ്വയം അക്രമം നേരിടുന്നതിനിടയിലും കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഫലത്തിൽ അമ്മയുടെ ചുമലിൽ തന്നെ ശേഷിച്ചു എന്നതാണ്,” അവർ കൂട്ടിച്ചേർത്തു.
കുമൻജായി ലിറ്റിൽ ബേബിയുടെ അമ്മയെയും രണ്ട് കുട്ടികളെയും സംരക്ഷിക്കാൻ ആശ്രയിച്ചിരുന്ന കുടുംബാംഗങ്ങളെക്കുറിച്ച് മതിയായ പരിശോധന നടത്തുന്നതിലും ശിശുസംരക്ഷണ വകുപ്പ് വീഴ്ച വരുത്തിയതായി റിപ്പോർട്ട് കണ്ടെത്തി. സുരക്ഷയ്ക്കായി അമ്മ ആശ്രയിച്ചിരുന്ന യുൻഡമുവിലെ ഒരു വീട്ടിൽ താമസിച്ചിരുന്ന മുതിർന്ന വ്യക്തിക്ക് അക്രമവുമായി ബന്ധപ്പെട്ട ദീർഘമായ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ച് കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുടുംബങ്ങൾ കുട്ടികളെ സംരക്ഷിക്കാൻ നിർദേശിക്കുന്ന വ്യക്തികളുടെ പൊലീസ് രേഖകളോ രഹസ്യാന്വേഷണ വിവരങ്ങളോ പതിവായി പരിശോധിക്കാറില്ലെന്ന് വകുപ്പ് അറിയിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വകുപ്പിലുടനീളം വ്യാപകമായ വീഴ്ചകൾ
കുമൻജായി ലിറ്റിൽ ബേബിയുടെ കേസിലെ വീഴ്ചകൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും ശിശുസംരക്ഷണ വകുപ്പിലുടനീളം നിലനിൽക്കുന്ന ഗുരുതര പ്രശ്നങ്ങളുടെ പ്രതിഫലനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. “കുട്ടികളുടെ സംരക്ഷണ സംവിധാനത്തിലെ വീഴ്ചകളെ ഒരു കേസിന്റെ മാത്രം പരാജയമായി കാണാനാകില്ല,” റിപ്പോർട്ടിൽ പറയുന്നു. വകുപ്പിൽ വ്യക്തവും സ്ഥിരതയുള്ളതും ഫലപ്രദവുമായ ശിശുസംരക്ഷണ ചട്ടക്കൂട് പ്രവർത്തിക്കുന്നതിന് മതിയായ തെളിവുകളില്ലെന്നും കാരൻ വെബ്ബും ഗ്രെഗ് ഷാനഹാനും ചൂണ്ടിക്കാട്ടി.
ഈ കുട്ടികളുടെ മുൻകാല രേഖകൾ പരിശോധിച്ചപ്പോൾ ആവർത്തിച്ച് കാണപ്പെട്ടത് ഗൗരവമേറിയ വീഴ്ചകളാണെന്നും അവർ വ്യക്തമാക്കി. നിയമം വകുപ്പിനോട് ആവശ്യപ്പെടുന്ന കാര്യങ്ങളും നിയമം പ്രായോഗികമായി നടപ്പാക്കുന്ന രീതിയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. നയങ്ങളിലും നടപടിക്രമങ്ങളിലും, ഏറ്റവും പ്രധാനമായി കുട്ടികൾ നേരിടുന്ന അപകടസാധ്യത വിലയിരുത്തുന്നതിലും വീഴ്ചകളുണ്ടായിരുന്നുവെന്ന് കാഹിൽ പറഞ്ഞു. “ഓരോ ഫയലിലും വീണ്ടും വീണ്ടും പരാതികൾ ഉയർന്ന കുട്ടികളെയാണ് കണ്ടത്. മുപ്പത്, നാൽപ്പത്, അറുപത്, എൺപത് പരാതികൾ വരെ,” അവർ പറഞ്ഞു. റിപ്പോർട്ടിലെ 45 ശുപാർശകളും പൂർണമായി അംഗീകരിക്കുന്നതായി കാഹിൽ അറിയിച്ചു.