ന്യൂ സൗത്ത് വെയിൽസിലെ സ്നോവി മൗണ്ടൻസ് പ്രദേശത്ത് പുതിയ കോലക്കൂട്ടങ്ങളെ കണ്ടെത്തി. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ആണ് മുൻപ് രേഖപ്പെടുത്താത്ത പുതിയ കോലകളുടെ കൂട്ടത്തെ കണ്ടത്തിയത്. ജിൻഡബൈൻക്ക് കിഴക്കുള്ള അവൺസൈഡ് പ്രദേശത്താണ് പുതിയ കോലക്കൂട്ടങ്ങൾ ഉള്ളത്.
ന്യുമെരല്ല, ഡാംജലോങ്, കൈബിയാൻ, പീക്ക് വ്യൂ എന്നിവിടങ്ങളിൽ കോലകളുടെ സാന്നിധ്യം നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അവൺസൈഡിൽ നടത്തിയ പുതിയ സർവേയിൽ എട്ട് കോലകളെ കണ്ടെത്തിയത് ഈ പ്രദേശങ്ങളിലെ കോലകളുടെ എണ്ണം നേരത്തെ കണക്കാക്കിയതിനേക്കാൾ കൂടുതലാണന്ന് തെളിയിക്കുന്നതാണ്. താപ ക്യാമറയുള്ള ഡ്രോണുകൾ 2024 ജൂലായിൽ രണ്ട് കോലകളെയും, 2025 ജൂലായിൽ എട്ടിനെയും കണ്ടെത്തി. അവൺസൈഡ് മേഖലയിലെ 56 ഹെക്റ്റർ വിസ്തൃതിയുള്ള അഞ്ച് ഗ്രിഡുകളിലായിരുന്നു സർവേ.
2003-ലെ വന തീപിടിത്തത്തിന് ശേഷം ഈ പ്രദേശത്ത് കോലകളുടെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. പല ഭൂമിയുടമകൾക്കും അവരുടെ ഭൂമിയിൽ കോലകളുണ്ടെന്ന് പോലും അറിയില്ലായിരുന്നു. തീപിടിത്തത്തിന് ശേഷം കോലകളുടെ പോസിറ്റീവ് ആയ പുനർജീവനത്തിന്റെ തെളിവാണിതെന്ന് എൻൺസ്ഡബ്ലൂ സർക്കാരിന്റെ കോല സ്ട്രാറ്റജിയിലെ സീനിയർ പ്രോജക്റ്റ് ഓഫീസർ സാലി മില്ലർ പറഞ്ഞു.